Nellipoyil

ഓൺലൈൻ ചലഞ്ച് വിജയകരമായി പൂർത്തീകരിച്ച് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂൾ.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂൾ സാമൂഹിക പങ്കാളിത്തത്തോടുകൂടി ആവിഷ്കരിച്ച ‘കൂടെയുണ്ട് ഞങ്ങൾ’ ഓൺലൈൻ ചലഞ്ച് പദ്ധതിക്ക് സമാപനം കുറിച്ചു. പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ജനമൈത്രി പോലീസും എസ് പി സിയും ചേർന്ന് നൽകിയ പത്താമത്തെ ടി വി വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥിക്ക് നൽകിക്കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്‌.

പദ്ധതി പ്രകാരം ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത പത്ത് കുട്ടികൾക്ക് ടി വിയും, ഒരു വിദ്യാർത്ഥിക്ക് സ്മാർട്ട്‌ഫോണും, താൽകാലികമായി രണ്ടു ലാപ്ടോപ്പുകളും ഇതുവരെ നൽകി. സ്ഥിരമായി പ്രവർത്തിക്കുന്ന നാല് ഓൺലൈൻ പഠന കേന്ദ്രങ്ങളും സ്കൂളിന് കീഴിലുണ്ട്. ഇതോടെ സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള സ്കൂളായി മാറിയിരിക്കുകയാണ് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂൾ എന്ന് ഹെഡ്മാസ്റ്റർ ബിനു ജോസ് അറിയിച്ചു.

ക്ലാസുകൾ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണെന്നും സ്കൂളിലെ അധ്യാപകരും പി ടി എയും കാട്ടുന്ന പ്രതിബദ്ധത നാടിന് മാതൃകയാണെന്നും സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് മെമ്പർ പുഷ്പ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

സമാപന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, പി ടി എ പ്രസിഡന്റ് ഷാജി പൊരിയത്ത്, വൈസ് പ്രസിഡന്റ് ബിജു ഓത്തിക്കൽ, ഓൺലൈൻ ചലഞ്ച് കോർഡിനേറ്റർമാരായ ബിജു ഫ്രാൻസിസ്, വിൻസെന്റ് ഡി കെ, സാബു കെ എം, ബീന ജോർജ്‌, ജയ്മോൾ തോമസ്, കോടഞ്ചേരി എസ് ഐ വിജയൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ കുമാർ, ജനമൈത്രി പോലീസ് എസ് ഐ രമേശ്‌ ബാബു, സിവിൽ പോലീസ് ഓഫീസർ ഡിനോയ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റ് കോർഡിനേറ്റർ റെജി കരോട്ട് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button