തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ച്; എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി. 6-ാം നമ്പർ അജണ്ടയിൽ പറഞ്ഞ അംഗൻവാടി ഹെൽപ്പർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരുമാനത്തിലാണ് എൽ.ഡി.എഫ് മെമ്പർമാർ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.
അംഗൻവാടി ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്ന ഇൻറ്റർവ്യൂ ബോർഡിൽ സ്ത്രീ പ്രാതിനിത്യം പറഞ്ഞ് ഭരണസമിതിക്ക് താല്പര്യമുള്ള പൗളി മാത്യു, മറിയമ്മ ബാബു, ബീവി തൊറയൻപിലാക്കൽ എന്നിവരെ ഉൾപ്പെടുത്തിയതായും, എന്നാൽ 251 കുടുംബശ്രീ ഗ്രൂപ്പുകളും 3790 വനിത അംഗങ്ങളുടെ പ്രതിനിധികളുമായ സി ഡി എസ് ചെയർപേഴ്സൺനെ ഒഴിവാക്കിയതിൽ രാഷ്ട്രീയ മുതലെടുപ്പുണ്ടെന്ന് എൽ.ഡി.എഫ് മെമ്പർമാർ പറഞ്ഞു.
ഇതിനു മുൻപും അംഗൻവാടി ടീച്ചർമാരായ നാല് പേരെ നിയമിക്കുന്നു എന്ന് പറഞ്ഞ് നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവരെ അറിയിക്കാതെയും ഭരണ സമിതിയോഗത്തിൽ പോലും അറിയിക്കാതെയും പ്രസിഡൻ്റിൻ്റെയും, വൈസ് പ്രസിഡൻ്റിൻ്റെയും ഒത്താശയോടുകൂടിയാണ് നിയമനം നടത്തിയതായും, അത് ഇന്ന് വെളിച്ചത്തു കൊണ്ടുവന്നതായും എൽഡിഎഫ് മെമ്പർമാർ പറഞ്ഞു.
സ്വന്തക്കാരെ തിരുകി കയറ്റുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയ ഗൂഡനീക്കത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ എം മുഹമ്മദലി പറഞ്ഞു.







