കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തും

കോടഞ്ചേരി: കോവിഡ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കോവിഡ് ടെസ്റ്റൂകളുടെ എണ്ണം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർധിപ്പിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തും.
ഇന്ന് നെല്ലിപ്പൊയിൽ, 20 ന് നൂറാംതോട്, 23 ന് മൈക്കാവ്, 27 ന് തോട്ടു മുഴി, 30ന് കണ്ണോത്ത് എന്നീ പ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടക്കും. വാക്സിനേഷൻ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സബ്സെന്ററുകൾ കേന്ദ്രീകരിച്ച് ആശാവർക്കർമാരെയും ആർആർടി അംഗങ്ങളെയും ഉൾപ്പെടുത്തി വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തും. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് ദിവസവും 400 പേർക്കു വരെ വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ എടുത്തു.
പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വ്യാപാരി വ്യവസായികൾക്കും ഓട്ടോ ടാക്സി ഡ്രൈവർമാർക്കും കോവിഡ് ടെസ്റ്റ് നടത്തും.
ഗ്രാമ പഞ്ചായത്തിലെ 45 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ എടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു







