Kozhikode

സർക്കാർ ഓഫിസുകൾ തുറന്നു; ഭൂരിപക്ഷം ഹാജർ

കോഴിക്കോട് ∙ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ സർക്കാർ ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിച്ചപ്പോൾ മിക്ക ഓഫിസുകളിലും ഭൂരിപക്ഷം ജീവനക്കാരും എത്തി. രാവിലെ പത്തിനു തന്നെ ഓഫിസുകളിൽ ജീവനക്കാർ ഹാജരായി. എന്നാൽ പൊതുജനങ്ങൾ എത്തിയതു വളരെ കുറവായിരുന്നു. ജില്ലാ ആസ്ഥാനത്തെ സിവിൽ സ്റ്റേഷൻ, ജില്ലാ ട്രഷറി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ 78 % ഹാജർ.

സ്വകാര്യബസുകൾ ഭൂരിഭാഗവും ഓടാത്തതിനാൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയാണ് എത്തിയത്. വടകര മേഖലയിൽനിന്ന് നഗരത്തിലെത്താൻ പാസഞ്ചർ ട്രെയിനുകളെ ആശ്രയിക്കുന്ന ഒട്ടേറെ ജീവനക്കാരാണ് ദുരിതത്തിലായത്. കൊയിലാണ്ടി താലൂക്ക് ഓഫിസിൽ ആകെയുള്ള 52 ജീവനക്കാരും ഹാജരായി.

കൊടുവള്ളി സിവിൽ സ്റ്റേഷനിൽ 90 % ജീവനക്കാരാണ് എത്തിയത്. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന നാദാപുരം മേഖലയിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ജീവനക്കാർക്ക് എത്താൻ കഴിഞ്ഞില്ല. ഹോട്സ്പോട്ടുകളിലുള്ള പന്തീരാങ്കാവ്, ഒളവണ്ണ വില്ലേജ് ഓഫിസുകളും പ്രവർത്തിച്ചു.

ഗതാഗത സൗകര്യമില്ലാത്തതിനാലും ഹോട്സ്പോട്ടുകളിലായതിനാലും ഓഫിസിൽ എത്താൻ പറ്റാത്ത ജീവനക്കാർക്ക് അവധി അനുവദിച്ചു. പെരുമണ്ണ വില്ലേജ് ഓഫിസ്, കൃഷിഭവൻ എന്നിവിടങ്ങളിൽ 2 വീതം ജീവനക്കാർ മാത്രമാണു എത്താതിരുന്നത്. കോടഞ്ചേരി, കൂടത്തായി വില്ലേജ് ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിച്ചു. നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. കോടഞ്ചേരി കൃഷിഭവൻ പ്രവർത്തിച്ചു.

വടകര, തിരുവമ്പാടി, താമരശ്ശേരി, തിക്കോടി, തുറയൂർ പഞ്ചായത്തുകൾ, പയ്യോളി നഗരസഭ എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകൾ സജീവമായി. കുറ്റ്യാടിയിൽ കൃഷി ഭവനുകളിൽ ജീവനക്കാർ കുറവായിരുന്നു. വില്ലേജ് ഓഫിസുകളിൽ ജീവനക്കാർ എത്തി. ബാങ്കുകളിൽ തിരക്ക് അനുഭവപ്പെട്ടു.

ബാലുശ്ശേരിയിൽ ഓഫിസുകൾ സാധാരണ നിലയിലായി. ഓഫിസുകളിലും ബാങ്കുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. മുക്കം നഗരസഭ ഓഫിസ്, വില്ലേജ് ഓഫിസുകൾ, കൃഷി ഭവനുകൾ, റജിസ്ട്രാർ ഓഫിസ്, എഇഒ ഓഫിസ് എന്നിവ സജീവമായി. നടുവണ്ണൂർ, കോട്ടൂർ, ഉള്ളിയേരി കൃഷി ഭവനുകളും കോട്ടൂർ, അവിടനല്ലുർ, നടുവണ്ണൂർ, ഉള്ളിയേരി വില്ലേജ് ഓഫിസുകളും സജീവമായി.

Related Articles

Leave a Reply

Back to top button