തിരികെക്കിട്ടിയത് ജീവൻ മാത്രം; ആഴക്കടലിൽ 5 മണിക്കൂർ, ഒടുവിൽ അദ്ഭുത രക്ഷ

കോഴിക്കോട് ∙ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായ ഫൈബർ വള്ളത്തിൽ 5 മണിക്കൂറിലേറെ ആഴക്കടലിൽ കുടുങ്ങിയ 4 മത്സ്യത്തൊഴിലാളികളെ എലത്തൂർ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. വെള്ളയിൽ അരയൻ വീട്ടിൽ രഞ്ജിത്ത് ലാൽ(50), തലശ്ശേരി തലായ് പുളിക്കൂൽ സുഭാഷ്(37), കൊയിലാണ്ടി പൊയിൽകാവ് ലക്ഷംവീട് കോളനിയിൽ ഭാഗ്യരാജ്, എരഞ്ഞിക്കൽ കണ്ടംകുളങ്ങര ബൈത്തുന്നൂറിൽ അബ്ദു(58) എന്നിവരെയാണ് ഇന്നലെ രാവിലെയും വൈകിട്ടുമായി കരയ്ക്കെത്തിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ചാലിയത്തു നിന്നാണ് ഇവർ മത്സ്യബന്ധനത്തിനു പോയത്. പുതിയാപ്പയിൽ നിന്നു 18 നോട്ടിക്കൽ മൈൽ അകലെ ഫൈബർ വള്ളം ‘നിർമൽ’ അപകടത്തിൽ പെട്ടതായി കോസ്റ്റൽ പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നു വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണു കോസ്റ്റൽ പൊലീസ് രക്ഷാ പ്രവർത്തനത്തിനു പുറപ്പെട്ടത്. മീൻപിടിത്തത്തിനിടെ ശക്തമായ കാറ്റിൽപ്പെട്ടു ഫൈബർ വള്ളത്തിന്റെ അടിഭാഗത്തുണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറിയാണ് അപകടമുണ്ടായത്.X
വെള്ളിയാഴ്ച പുലർച്ചെ നാലോടെ വിവരം അറിഞ്ഞ് ഈ ഭാഗത്തെത്തിയ ‘ഭുവനേശ്വരി’ ബോട്ടിൽ 2 പേരെ കയറ്റി. ശേഷിച്ച 2 പേരിൽ ഒരാൾ വള്ളത്തിൽ നിന്ന് വെള്ളം മുക്കി ഒഴിവാക്കിക്കൊണ്ടിരുന്നു. രണ്ടാമത്തെയാൾ വള്ളം നിയന്ത്രിച്ചു. അപ്പോഴേക്കു പരിസരത്തെത്തിയ കോസ്റ്റൽ പൊലീസ് ഇതിലൊരാളെ തങ്ങളുടെ ബോട്ടിൽ കയറ്റി. അരമണിക്കൂറിനു ശേഷം എത്തിയ ശിവഭക്തി ബോട്ടിൽ അവസാനത്തെയാളെയും രക്ഷിച്ചു.
വള്ളത്തിന്റെ 3 എൻജിൻ, അവശേഷിച്ച വല തുടങ്ങിയവ വൈകിട്ടോടെ വെള്ളയിൽ കടപ്പുറത്തെത്തിച്ചു. കോസ്റ്റൽ എസ്ഐ പി.മോഹൻദാസ്, സ്രാങ്ക് സുഭാഷ് ബോസ്, ലാസ്കർമാരായ ശരത്, സുഭാഷ്, കോസ്റ്റൽ വാർഡൻമാരായ ദിപീഷ്, അഖിൽ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.






