കൊച്ചിയിൽ കോടഞ്ചേരി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചനിലയില്‍

കോഴിക്കോട്: വൈറ്റിലയില്‍ ട്രാന്‍സ്‌ജെന്‍ഡറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി വേലംകോട് പൊളപ്പാളില്‍ വീട്ടില്‍ രാജേഷ് (ശ്രീധന്യ-33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈറ്റില എല്‍.എം. പൈലി റോഡില്‍ ചാര്‍ളി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം.
താഴത്തെ നിലയില്‍ വീട്ടുടമയും കുടുംബവും മുകളിലത്തെ നിലയില്‍ രാജേഷ് ഉള്‍പ്പെടെ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളുമായിരുന്നു താമസം. രാജേഷ് ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു. കോവിഡിനെ തുടര്‍ന്ന് ബസ്സ് സര്‍വ്വീസ് നിലച്ചതോടെ ജോലി ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.







