ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് വേണ്ടി ‘തിങ്കളും താരങ്ങളും’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അറിവിന്റെ തുടക്കനാളുകയായി അറിയപ്പെടുന്ന
പ്രിപ്രൈമറി വിദ്യാഭ്യാസം എങ്ങനെ സൗഹൃദപരമായ സാഹചര്യങ്ങളിലൂടെ നൽകണമെന്നും ഓരോ വിദ്യാർത്ഥിയുടെയും പഠനത്തിലും വളർച്ചയിലും വീടും സ്കൂളും വലിയ പ്രാധാന്യമർഹിക്കുന്നു എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും കൊടുവള്ളി ബി.ആർ.സി ട്രെയിനർ പ്രസന്നകുമാരി മാതാപിതാക്കൾക്ക് ക്ലാസുകൾ നൽകി.
കൊടുവള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിലെ പ്രീപ്രൈമറിക്കുവേണ്ടി അനുവദിച്ച ‘വർണ്ണ കൂടാരം’ പദ്ധതിയെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ആർ.ജി കൺവീനർ പ്രത്യൂഷ് കണ്ണൂർ, പി.ടി.എ പ്രസിഡന്റ് ഷൈജു ജോസഫ്, അംഗൻവാടി അധ്യാപിക ഗിരിജ, അധ്യാപിക ബിന്ദു സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപകരായ സോനാ, ശാലിനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.







