മുക്കത്ത് രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

മുക്കം : നഗരസഭാപരിധിയിലെ രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മാമ്പറ്റ പൂലോട്ട് കണ്ണിക്കരുമകൻ കാവിലും മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.
പൂലോട്ടുകാവിലെ മൂന്ന് ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തിത്തുറന്നത്. ഇതിൽ ഒന്ന് മാമ്പറ്റ- കുറ്റിപ്പാല റോഡരികിൽ സ്ഥാപിച്ചതാണ്. തിങ്കളാഴ്ച രാവിലെ കാവിൽ വിളക്കുതെളിയിക്കാൻ വന്നവരാണ് ഭണ്ഡാരം കുത്തിത്തുറന്നനിലയിൽ കണ്ടത്. ഇവർ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച കാവിലെ ഉത്സവം നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഉത്സവം ഉപേക്ഷിച്ച് മാസപൂജ മാത്രം നടത്തുകയായിരുന്നു. ഒട്ടേറെ വിശ്വാസികൾ ക്ഷേത്രത്തിലെത്തുകയും ഭണ്ഡാരം ചാർത്തുകയും ചെയ്തിരുന്നു. എട്ടുദിവസം മുമ്പാണ് ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്ന് നേർച്ചപ്പണം എടുത്തത്.
രണ്ടുമാസം മുമ്പ് കാവിന് സമീപത്തെ വീട്ടിൽനിന്ന് നാലുചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ പറഞ്ഞു.
മുത്താലം ദുർഗാഭഗവതിക്ഷേത്രത്തിൽ കവാടത്തിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുപ്രവേശിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാവ് എടുത്തുകൊണ്ടുപോയി. സ്റ്റീലുകൊണ്ട് നിർമിച്ച ചെറിയ ഭണ്ഡാരമാണ് നഷ്ടപ്പെട്ടത്. രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കുന്ദമംഗലത്തെ ഒരുക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. മുക്കം പോലീസും വിരലടയാളവിദഗ്ധരും മോഷണം നടന്ന ക്ഷേത്രങ്ങളിൽ പരിശോധന നടത്തി.
വടകര ഫിംഗർ പ്രിന്റ് യൂണിറ്റിലെ കെ. രഞ്ജിത്ത്, ജിജീഷ് പ്രസാദ്, പ്രബീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.മുത്താലം ദുർഗാഭഗവതിക്ഷേത്രത്തിലെ ഭണ്ഡാരം എടുത്തുകൊണ്ടുപോയി







