Mukkam

മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ തരംതാഴ്‌ന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ല -വി.എം. സുധീരൻ

മുക്കം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ തരംതാഴ്ന്ന അവസ്ഥ ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മണാശ്ശേരിയിൽ യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വൈരവിഹാരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇതിന്റെ നടത്തിപ്പുകാരനായി എന്ന് പറയുമ്പോൾ ഇതൊക്കെ അറിയില്ല എന്ന് പറയുന്നതിൽ എന്തർഥമാണുള്ളതന്നും അദ്ദേഹം ചോദിച്ചു.

ഗെയ്‌ൽ പദ്ധതിയെ യു.ഡി.എഫ്. എതിർത്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. എന്നാൽ ഒരു വികസനപദ്ധതിയെയും തങ്ങൾ എതിർത്തിട്ടില്ലെന്നും വികസന പദ്ധതികൾ നേരെ ചൊവ്വേ നടത്തണമെന്നും അതിന്റെ ഫലമായി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവും നഷ്ടപരിഹാരവും ലഭിക്കണമെന്നുമാണ് യു.ഡി.എഫ്. നയം. ഗെയ്‌ലിനെതിരേയുള്ള സമരം ജനങ്ങൾ സ്വയം സംഘടിപ്പിച്ചതായിരുന്നു. ആ സമരത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഉത്തരവാദിത്വമില്ല. സമരം ന്യായമാണെന്ന് മനസ്സിലായത് കൊണ്ടാണ് ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും രംഗത്ത് വന്നതെന്നും സുധീരൻ പറഞ്ഞു. ചടങ്ങിൽ എം.ടി. അഷ്റഫ് അധ്യക്ഷനായി. കെ.സി. അബു, കെ.പി. അഹമ്മദ് കുട്ടി, ടി.ടി. സുലൈമാൻ, കെ.പി. സൂഫിയാൻ, കെ.ടി. മൻസൂർ

എം. മധു, മൊയ്തീൻകോയ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും പോഷകസംഘടനാ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. നേരത്തെ പൊറ്റശ്ശേരി അങ്ങാടിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സുധീരൻ പൊതുയോഗത്തിനെത്തിയത്.

Related Articles

Leave a Reply

Back to top button