Adivaram

താമരശ്ശേരി ചുരത്തിൽ അപകടക്കെണിയായി കൊടുംവളവുകളിലെ കുഴികൾ

അടിവാരം : പലയിടങ്ങളിലും പാടേ തകർന്നുകിടന്നിരുന്ന റോഡ് നവീകരിച്ച് മൂന്നരമാസം പിന്നിടുമ്പോഴേക്കും റീ ടാറിങ് നടത്താത്ത കൊടുംവളവുകളിൽ രൂപപ്പെട്ട ഗർത്തങ്ങൾ താമരശ്ശേരി ചുരത്തിൽ അപകടക്കെണി തീർക്കുന്നു.ഇന്റർലോക്ക് ചെയ്യുകയും ഇടക്കാലത്ത് നവീകരിക്കുകയും ചെയ്ത രണ്ട്, നാല് വളവുകളിലാണ് ഇത് ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയിലെ ഈ കുഴികളിൽ ചക്രങ്ങൾ കുരുങ്ങി ഇരുചക്രവാഹനയാത്രക്കാർ നിയന്ത്രണംവിടുന്നത് നിത്യസംഭവമായിക്കഴിഞ്ഞു.

ചക്രങ്ങൾ കുഴിയിൽ വീഴുന്നതിന്റെ ആഘാതത്തിൽ ബസുകളും ഭാരവാഹനങ്ങളും ആക്സിലൊടിഞ്ഞും മറ്റ് യന്ത്രത്തകരാറുകൾ നേരിട്ടും വളവുകളിൽ കുടുങ്ങുന്നതും പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിലാവട്ടെ തെരുവുവിളക്കില്ലാത്ത ഈ ഭാഗങ്ങളിൽ അപകടസാധ്യത ഏറെയാണ്.

വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചുരമിറങ്ങുന്ന ഭാഗത്തായാണ് രണ്ടാം ഹെയർപിൻ വളവിൽ ഇന്റർലോക്ക് അടർന്നുമാറിയിരിക്കുന്നത്. ചുരമിറങ്ങുന്ന ചെറുവാഹനങ്ങളുടെ ചക്രങ്ങൾ സ്വാഭാവികമായും ചാടിയിറങ്ങിപ്പോവുന്ന തരത്തിലാണ് വീതിയുള്ള ഗർത്തത്തിന്റെ പ്രകൃതം. വലിയവാഹനങ്ങൾക്ക് തൊട്ടുപുറകിൽ ചുരമിറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാർക്ക് ഗർത്തത്തിന്റെ തൊട്ടുമുന്നിലെത്തുമ്പോഴായിരിക്കും അത് കണ്ണിൽപ്പെടുക. ചക്രം ചാടുമ്പോൾ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് ഈ ഗർത്തം. കുഴിയിൽ ചക്രംചാടി കഴിഞ്ഞദിവസങ്ങളിൽ ഭാരവാഹനങ്ങൾ നിന്നുപോയ സമയങ്ങളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് രണ്ടാംവളവ് സാക്ഷ്യംവഹിച്ചത്.

നാലാം ഹെയർപിൻ വളവിലാവട്ടെ കോൺക്രീറ്റുചെയ്ത ഭാഗത്തോടുചേർന്ന് നേരത്തേ ചെയ്ത ഇന്റർലോക്കാണ് മൂന്നുമീറ്ററോളം വീതിയിൽ അടർന്നുമാറി ഇളകിക്കിടക്കുന്നത്.
നാലാംവളവിന് മുകൾഭാഗത്തെ കൊരുപ്പുകട്ടകൾ കഴിഞ്ഞവർഷം അടർന്നപ്പോൾ ആ ഭാഗം ഇക്കഴിഞ്ഞ ജനുവരിയിൽ ടാർ ചെയ്തിരുന്നു. അതിനുതൊട്ടുതാഴെയുള്ള ഭാഗത്താണ് മൂന്നുമീറ്ററോളം വീതിയിൽ കൊരുപ്പുകട്ടങ്ങൾ അടർന്നുമാറി കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടാംവളവുപോലെ ഈ ഭാഗത്തും കുഴിയിൽ ചക്രം ചാടി ഇരുചക്രവാഹനയാത്രക്കാരും ചെറുവാഹനങ്ങളും നിയന്ത്രണംവിട്ട ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭാഗ്യംകൊണ്ടുമാത്രമാണ് അവയൊന്നും വലിയ അപകടങ്ങളായി പരിണമിക്കാതിരുന്നത്.

ഗർത്തങ്ങൾ രൂപപ്പെട്ട ഭാഗത്ത് ഇന്റർലോക്ക് ഇളകിമാറിയതിനാൽ ഭാരവാഹനങ്ങളുടെ പിൻചക്രങ്ങൾ റോഡുമായുള്ള ഘർഷണം ശരിയാവാതെ കറങ്ങിത്തിരിയുന്ന സാഹചര്യമാണ്. ഇത് കുഴികളുടെ വ്യാപ്തികൂട്ടാനും ഇടയാക്കുന്നുണ്ട്.അതേപോലെ ഇന്റർലോക്ക് ചെയ്ത ഒൻപതാം വളവിലുമുണ്ട് റോഡ് തകർച്ച. കോൺക്രീറ്റുചെയ്ത ഭാഗത്തോടുചേർന്നുള്ള ഇന്റർലോക്ക് അടർന്നുമാറിയതോടെ ഒരുമീറ്റർ വീതിയിലും നടുഭാഗത്ത് ഒരടിയോളം താഴ്ചയിലും ഇവിടെ ഒരു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

ഒന്നാംവളവുമുതൽ രണ്ടാംവളവുവരെ റോഡ് പലയിടത്തും ഇപ്പോൾ വിണ്ടുകീറിയപോലെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അതേസമയം, റീ ടാറിങ് നടത്തി നവീകരിച്ച ചുരത്തിലെ മറ്റിടങ്ങളിൽ കാര്യമായ റോഡ് തകർച്ചയില്ല. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഒന്നാംവളവുമുതൽ ആറാംവളവുവരെയുള്ള ഭാഗം റീടാർചെയ്ത് കുഴികളടച്ചത്. ശേഷിക്കുന്ന ഭാഗം ദിവസങ്ങൾക്കുശേഷം നവീകരിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button