India

സിംഘു അതിര്‍ത്തിയിലെ ആക്രമണം: 44 പേര്‍ അറസ്റ്റില്‍; വീണ്ടും അക്രമസാധ്യതയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സിംഘു അതിര്‍ത്തിയില്‍ സമരം നടത്തുകയായിരുന്ന പ്രക്ഷോഭകര്‍ക്കു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്റ്റ് ചെയ്തു. അലിപൂര്‍ എസ്എച്ച്ഒയെ വാള്‍ കൊണ്ട് ആക്രമിച്ച 22കാരന്‍ ഉള്‍പ്പെടെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അലിപൂര്‍ പോലിസ് ചുമത്തിയിട്ടുള്ളത്.

അതിനിടെ, സിംഘു അതിര്‍ത്തിയില്‍ ഇന്നും ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് സിംഘു, തിക്രി അതിര്‍ത്തികളില്‍ പോലിസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രദേശവാസികള്‍ എന്നവകാശപ്പെട്ട് ഒരു സംഘം സിംഘുവിലെ സമരകേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയത്. കര്‍ഷകര്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ എല്ലാ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ്, ഡോങ്കിള്‍ സര്‍വീസുകളും റദ്ദാക്കി. സംസ്ഥാനത്തെ 14 ജില്ലകളില്‍ ജനുവരി 30 വരെയാണ് നിരോധനം നിലനില്‍ക്കുക. സോനിപേട്ട്, പല്‍വാല്‍, ഝജ്ജിയാര്‍ എന്നിവിടങ്ങളിലെ നിരോധനം മാറ്റമില്ലാതെ തുടരും. നേരത്തെ വോയ്‌സ് കോളുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല. അംബാല, യമുനനഗര്‍, കുരുക്ഷേത്ര, കര്‍ണല്‍, ഖെയ്ത്താള്‍, പാനിപേട്ട്, ഹിസ്ജാര്‍, റോഹ്താക്ക്, ഭീവാനി, ചര്‍ക്കി ദാദ്രി തുടങ്ങിയ ജില്ലകളിലാണ് നിരോധനം ബാധകമാക്കുക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button