തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. വാർഡുതലത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
മലയോര മേഖലയിൽ ഡെങ്കിപ്പനി പകർത്തുന്ന ഈഡിസ് ഈജിപ്റ്റി, ആൽബോപിക്റ്റസ് എന്നീ വർഗ്ഗത്തിൽപ്പെട്ട കൊതുകുകളുടെ സാന്ദ്രത കൂടുതലായതിനാൽ ആഴ്ചയിലൊരിക്കൽ കൊതുക് കൂത്താടി നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും റബ്ബർ, കവുങ്ങ്, കൊക്കോ, കൈതച്ചക്ക എന്നീ തോട്ടങ്ങളിൽ ആഴ്ചയിലൊരിക്കൽ കൊതുക് കൂത്താടിനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് തോട്ടം ഉടമകൾ ഉറപ്പു വരുത്തണം.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഫസിന ഹസ്സൻ എന്നിവർ അറിയിച്ചു.







