കാറിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

പേരാമ്പ്ര: കാറിൽ കടത്തിയ മദ്യവുമായി കക്കയം കരിയാത്തുംപാറയിൽ യുവാവ് പിടിയിലായി. കക്കയം കൂവപ്പൊയ്കയിൽ പ്രദീപ്കുമാറിനെയാണ് (39) പേരാമ്പ്ര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ടാക്സികാറിൽ മദ്യവുമായി പോകവേ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അരലിറ്റർ വീതമുള്ള 90 കുപ്പികളിലായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു. വാഹനവും യുവാവിന്റെ പേരിലുള്ളതാണ്. മദ്യക്കടകളിൽനിന്ന് മദ്യം വാങ്ങി കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.
പേരാമ്പ്ര എക്സൈസ് സി.ഐ. ഓഫീസിലെ പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, എക്സൈസ് ഐ.ബി. പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, ഗണേശ് കുമാർ, കെ. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അതിനിടയിലാണ് യുവാവ് പിടിയിലാകുന്നതെന്നും പേരാമ്പ്ര എക്സൈസ് സി.ഐ. സി. ശരത് ബാബു പറഞ്ഞു. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







