എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ – കോഴിക്കോട് ജില്ലാ തല ചര്‍ച്ചാ പരമ്പര പാഴൂരിൽ നിന്ന് ആരംഭിക്കും; സമാപനം നാദാപുരത്ത്

മുക്കം : മാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പ്രമേയമാക്കി ഗ്രാമതല രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും ആഴത്തിൽ ചര്‍ച്ച ചെയ്യുന്നതിനായി ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ എന്ന ജില്ലാ തല ചര്‍ച്ചാ പരമ്പരക്ക് പാഴൂരിൽ ഒക്ടോബർ 15 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പാഴൂർ മിനി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി ദിനപത്രമായി നവംബർ മുതൽ പുറത്തിറങ്ങാനിരിക്കുന്ന ‘എഷ്യൻഗ്രാഫ്’ ദിനപത്രം സംഘടിപ്പിക്കുന്ന ഈ സായാഹ്ന ചര്‍ച്ചാ പരമ്പരയുടെ ലക്ഷ്യം ജനാധിപത്യ സംവാദം ശക്തിപ്പെടുത്തുക എന്നതാണ്.
പരിപാടിയുടെ ഉദ്ഘാടനം ഏഷ്യൻഗ്രാഫ് ദിനപത്രം സബ് എഡിറ്ററും ഏഷ്യൻഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം ഫാക്കൽറ്റിയുമായ ടി. ശ്രീലക്ഷ്മി പേരാമ്പ്ര നിർവഹിക്കും. ഏഷ്യൻഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം ഫാക്കൽറ്റിയായ അനു ടിനോ (ഇടുക്കി) വിഷയം അവതരിപ്പിക്കും.
ചര്‍ച്ചാ സെഷനിൽ ഏഷ്യൻഗ്രാഫ് സ്പെഷ്യൽ കറസ്പോണ്ടന്റും മാധ്യമ പ്രവർത്തകനുമായ പി.ടി അമീൻ മുഖ്യ മോഡറേറ്ററായി ചര്‍ച്ച നയിക്കും. ടെക്നിക്കൽ വിഭാഗങ്ങൾക്ക് റീഷ്മ പി, അമീൻ ഷാഫിദ്, സഫറുള്ള എന്നിവർ നേതൃത്വം നൽകും.ചര്‍ച്ചയിൽ സിപിഐ- ചുലൂർ നാരായണൻ, ഐ.യു.എം.എൽ- എൻ.എം. ഹുസൈൻ, സി.പി.ഐ.എം- ഷാഹുൽ ഹമീദ് പി.പി, ബി.ജെ.പി- ഐ.എം. സിബി, ഐ.എൻ.സി- എൻ.എം. ഷഹീർ പാഴൂർ, ഐ.എൻ.എൽ- ടി.കെ. നാസർ, വെൽഫെയർ പാർട്ടി- ജലീൽ പാഴൂർ, എസ്.എസ്.എഫ്- സയ്യിദ് ഹുസൈൻ സഖാഫി, എസ്.കെ.എസ്.എസ്.എഫ്- ഇസ്സുദ്ദീൻ പി തുടങ്ങി വിവിധ രാഷ്ട്രീയ – സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.
ഈ ചര്‍ച്ചകളിൽ പ്രാദേശിക വികസനം, അടിസ്ഥാന സൗകര്യങ്ങൾ, പഞ്ചായത്ത് ഭരണത്തിലെ ജനപങ്കാളിത്തം, തൊഴിൽസാധ്യതകൾ, യുവജനപങ്കാളിത്തം, സാമൂഹിക നീതി, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉൾപ്പെടെ വ്യാപകമായ സംവാദങ്ങൾ നടക്കും.
‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ പരമ്പരയുടെ ജില്ലാതല സമാപനഘട്ടം നാദാപുരത്ത് നടക്കും. അതോടൊപ്പം വിവിധ പഞ്ചായത്തുകളിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, രാഷ്ട്രീയ – സാമൂഹിക പ്രതിനിധികളുടെ കാഴ്ചപ്പാടുകൾ എന്നിവ ഉൾപ്പെടുത്തി ‘ഗ്രാമപൾസ് റിപ്പോര്‍ട്ട് 2025’ എന്ന റിപ്പോർട്ടും എഷ്യൻഗ്രാഫ് ദിനപത്രം പ്രസിദ്ധീകരിക്കും.
ജനാധിപത്യ സംവാദം പ്രോത്സാഹിപ്പിച്ച് ഗ്രാമതല രാഷ്ട്രീയത്തിലും പൊതു പ്രശ്നങ്ങളിലും യുവജനങ്ങളും പൗരന്മാരും സജീവമായി പങ്കാളികളാകുന്നതിനുള്ള ഒരു വേദി ഒരുക്കുകയാണ് ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ എന്ന് സംഘാടകർ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ആസ്പദമാക്കിയുള്ള ഈ പരമ്പരയുടെ പ്രാരംഭ ഘട്ടവുമായി ബന്ധപ്പെട്ട് മാവൂർ പ്രസ്സ് ക്ലബ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പി.ടി. അമീൻ, ടി.എം. ആരിഫ്, റീഷ്മ പി, അമീൻ ഷാഫിദ്, സഫറുള്ള എന്നിവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.







