തിരുവമ്പാടി ആനക്കാംപൊയിലിലെ വ്യാജ വാറ്റ് കേന്ദ്രം താമരശ്ശേരി എക്സൈസ് തകര്‍ത്തു

തിരുവമ്പാടി: ആനക്കാംപൊയില്‍ കരിമ്പ് ഭാഗത്ത് വന്‍ തോതില്‍ വ്യാജ വാറ്റ് നടക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ പുഴയോരത്തെ കുറ്റിക്കാടിനും പാറക്കെട്ടുകള്‍ക്കും ഇടയിലെ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. വലിയ ബാരലുകളിലാണ് ഇവിടെ വാഷ് സൂക്ഷിച്ചിരുന്നത്. വന്‍ തോതില്‍ ചാരായം വാറ്റാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. ആളുകള്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയില്ലെന്നതിനാല്‍ പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വ്യാജ വാറ്റ് നടത്തിയിരുന്നത്. ഏറെ പാടുപെട്ടാണ് എക്സൈസ് ഇവിടെയത്തി വാറ്റ് കേന്ദ്രം തകര്‍ത്തത്.
975 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. പരിശോധനക്കിടെ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും വാറ്റുപകരണങ്ങള്‍ എക്സൈസ് സംഘം സാഹസികമായി റോഡിലെത്തിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജില്‍, പിജെ മനോജ്, റബിന്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘം ഈ മാസം വിവിധ അബ്കാരി കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്യുകയും 2 ലിറ്റര്‍ ചാരായവും, 7 ലിറ്റര്‍ കര്‍ണാടക മദ്യവും 2 കാറുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 1375 ലിറ്റര്‍ വാഷാണ് ഈ മാസം നശിപ്പിച്ചത്.







