താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ചുങ്കം യുവജന സമിതി

ദേശീയ പാത 766ൽ കോഴിക്കോടിനും കല്പറ്റക്കും മദ്ധ്യേ എഴുപത്തിയെട്ടു കിലോമീറ്ററോളം വരുന്ന പ്രദേശത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനായി നിലവിൽ മുക്കം, നരിക്കുനി, കൽപ്പറ്റ, കോഴിക്കോട് ടൗൺ എന്നിവിടങ്ങളിൽ നിന്നാണ് രക്ഷാ പ്രവർത്തകർ എത്തുന്നത്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ കാട്ടുതീ, പ്രകൃതി ദുരന്തങ്ങൾ, വാഹന അപകടങ്ങൾ, മാറ്റ് അപകടങ്ങൾ തുടങ്ങിയവ ഉണ്ടാവുമ്പോൾ സമയബന്ധിതമായി എത്തിപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രദേശത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് പലപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്.
താമരശ്ശേരി ആസ്ഥാനമായി ഫയർസ്റ്റേഷൻ സ്ഥാപിച്ചാൽ ഈ പ്രശത്തിന് ഒരു പരിധി വരെ പരിഹാരമാകും. നിലവിൽ താമരശ്ശേരി, പുതുപ്പാടി മേഖലയിൽ അത്യാഹിതമുണ്ടായാൽ ഫയർ സർവ്വീസ് സഹായം എത്തിച്ചേരാൻ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്.
താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല, നേരത്തെ ചെക്ക് പോസ്റ്റ് നിലനിന്നിരുന്ന സ്ഥലം ഇതിന് പര്യാപ്തമായതാണ്. ലഭ്യമായ ഇത്തരം സൗകര്യങ്ങൾ പരിഗണനയിൽ എടുത്തുകൊണ്ട് ഫയർസ്റ്റേഷൻ സ്ഥാപിക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് താമരശ്ശേരി ചുങ്കം യുവജന സമിതി ആവശ്യപ്പെട്ടു.






