കോവിഡ് ജാഗ്രതയിൽ കൊയിലാണ്ടി

കൊയിലാണ്ടി ∙ നഗരത്തിലെ പച്ചക്കറി കടയിലെത്തിയ വയനാട്ടിൽനിന്നുള്ള ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ 10 പേർ ക്വാറിന്റീനിൽ പ്രവേശിച്ചതോടെ കൊയിലാണ്ടി മേഖല അതിജാഗ്രതയിൽ. നഗരസഭയും ആരോഗ്യ വകുപ്പും നൽകിയ മുന്നറിയിപ്പുകൾ ജനം പൂർണമായും പാലിച്ചതോടെ നഗരത്തിൽ തിരക്കൊഴിഞ്ഞു.
കോവിഡ് ബാധിച്ച ലോറി ഡ്രൈവറുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലായ 10 പേരുടെ സ്രവം കോവിഡ് പരിശോധനക്കായി അയയ്ക്കാൻ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. പരിശോധനാ ഫലം ലഭിച്ചശേഷം ഇവരുമായി ബന്ധപ്പെട്ട വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ പരിശോധന നടത്താനാണ് തീരുമാനം. സ്ഥിരമായി ആൾക്കൂട്ടം ഉണ്ടാകുന്ന കൊയിലാണ്ടി ഹാർബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു.
പൊതുജനങ്ങളെ ഹാർബറിലേക്ക് പ്രവേശിപ്പിച്ചില്ല. തിരിച്ചറിയൽ കാർഡുള്ള മത്സ്യ കച്ചവടക്കാർക്കും മറ്റും മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. ഹാർബറിന്റെ സുരക്ഷാ ചുമതല പൊലീസ് ഏറ്റെടുക്കുകയായിരുന്നു. കോവിഡ് സമൂഹ വ്യാപനം തടയാനായി നഗരസഭയും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് പൊതുജനങ്ങളോട് നഗരസഭാ ചെയർമാൻ കെ.സത്യൻ അഭ്യർഥിച്ചു.







