ജില്ലയിലെ സ്വകാര്യആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങി

കോഴിക്കോട് : സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം ചൊവ്വാഴ്ച തുടങ്ങി. ജില്ലയിൽ മുപ്പതോളം ആശുപത്രികൾക്ക് വിതരണാനുമതി ഉണ്ടെങ്കിലും ചിലയിടത്ത് വാക്സിൻ ലഭ്യമായില്ല. വാക്സിന്റെ വിലയായ 150 രൂപ വീതം സർക്കാരിന് അടയ്ക്കാത്ത ആശുപത്രികൾക്കാണ് വാക്സിൻ ലഭ്യമാവാതിരുന്നത്. സർക്കാർ ആശുപത്രികളിലും ജില്ലയിൽ വിതരണം ഭാഗികമായേ നടക്കുന്നുള്ളൂ. മുതിർന്ന പൗരന്മാർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിന് 250 രൂപ ഈടാക്കാം. ഇതിൽ 100 രൂപ ആശുപത്രിക്കുള്ള സർവീസ് ചാർജാണ്. പണം അടയ്ക്കുന്ന മുറയ്ക്കാണ് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചിത ഡോസ് വീതം വാക്സിൻ നൽകിവരുന്നത്. ജില്ലയിൽ ചില ആശുപത്രികളിൽ ചൊവ്വാഴ്ച വിതരണം നടന്നില്ല. ഓൺലൈനായും സ്ഥലത്ത്്് നേരിട്ടെത്തിയും പ്രത്യേക ക്യാമ്പുകളിലും വാക്സിനായി രജിസ്റ്റർ ചെയ്യാം.
ബുധനാഴ്ച മറ്റു പ്രതിരോധ കുത്തിവെപ്പുകളുടെ ദേശീയ ദിനമായതിനാൽ സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണമില്ല. കുട്ടികൾക്കും മറ്റും ഇതര രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനാലാണിത്. വ്യാഴാഴ്ച മുതൽ വിതരണം സുഗമമായി നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് വാക്സിൻ വിതരണ ജില്ലാ നോഡൽ ഓഫീസർ ഡോ. ടി. മോഹൻദാസ് മാതൃഭൂമിയോട് പറഞ്ഞു.
വാക്സിനായി രജിസ്റ്റർ ചെയ്ത സൈറ്റുകൾ പലതും ലൈവാകാതിരുന്നതാണ് ചിലയിടത്ത് ചൊവ്വാഴ്ച മരുന്ന് വിതരണം തടസ്സപ്പെടാൻ കാരണം. സർക്കാർ ആശുപത്രികളിൽ വിതരണത്തിനുള്ള 22 ഇടത്തെ സൈറ്റുകളാണ് ലൈവായത്.
80-90 ആശുപത്രികളിൽ ഉടനെതന്നെ വിതരണത്തിന് സംവിധാനമൊരുക്കും. സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം പൂർണമായും സൗജന്യമാണ്.







