Mukkam

മുക്കത്ത് വയോധിക ആക്രമിക്കപ്പെട്ട സംഭവം; പോലീസിന്റെ അന്വേഷണം ആരെയും അത്ഭുതപ്പെടുത്തുന്നത്

മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ആക്രമണത്തിനും ബലാത്സംഗത്തിനുമിരയായ കേസിൽ പോലീസിന്റെ അന്വേഷണം ആരെയും അത്ഭുതപ്പെടുത്തുന്നത്.

തുടക്കത്തിൽ സംഭവം നടന്ന സ്ഥലവുമായി അടുത്തബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ അടുത്ത കൂട്ടാളിയുമായിരുന്ന മുജീബ് റഹ്‌മാനെ പിടികൂടുന്നതിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഈ മാസം രണ്ടാം തീയതി രാവിലെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം അരങ്ങേറുന്നത്.

ഓമശ്ശേരിയിലുള്ള ഹോട്ടലിൽ ജോലിക്കു പോകാനായി രാവിലെ മുത്തേരിയിൽ നിന്നും ഓട്ടോയിൽ കയറിയ വയോധികയെ കുറച്ചു ദൂരം മുന്നോട്ടുപോയതിനു ശേഷം നിർത്തിയ ഓട്ടോറിക്ഷ കേടായി എന്നു വിശ്വസിപ്പിച്ചു ഓട്ടോറിക്ഷയുടെ പുറകിലെത്തി വയോധികയുടെ കഴുത്തിൽ തുണികൊണ്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടിലെത്തിച്ചു ക്രൂരമായി പീഡിപ്പിച്ച ശേഷം രക്ഷപ്പെടാതിരിക്കാനായി വസ്ത്രങ്ങളെല്ലാം കീറിമുറിച്ചു കൈയും കാലും കെട്ടിയിട്ട് രക്ഷപ്പെടുകയാണ് പ്രതി ചെയ്തത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതിയെയാണ് പഴുതടച്ച അന്വേഷണത്തിലൂടെ മുക്കം പോലീസിന്റെ പ്രത്യേഗ അന്വേഷണ സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ഓമശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൃത്യം നടത്തി രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ച വയോധികയുടെ മൈബൈൽ ഫോൺ തെളിവെടുപ്പിനിടെ പ്രതി കാണിച്ചു കൊടുത്ത സംഭവം നടന്ന സ്ഥലത്തെ റോഡിനു മറുവശത്തുള്ള പറമ്പിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താതിരിക്കാൻ പ്രതി പലതവണ കള്ളം പറഞ്ഞെങ്കിലും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേവരമ്പലത്തും പരിസരപ്രദേശങ്ങളിലും അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിൽ തൊണ്ടയാട് മേൽപ്പാലത്തിനടിയിൽ നിന്നും KL 38 D 8185 നമ്പർ ഓട്ടോറിക്ഷ കണ്ടെത്തുകയും തുടർന്ന് വിരലടയാള വിധഗതരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ ഈ ഓട്ടോയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞമാസം 23നു ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഹി റെയിൽവേ സ്റ്റേഷനു സമീപത്തെ ഒരു വീട്ടിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തുകയും മുക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു തുടരന്വേഷണത്തിനായി ചോമ്പാല സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും രണ്ടുവർഷം മുൻപ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വീട്ടിൽ പുലർച്ചെ നാലുമണിക്ക് വാതിൽ എണ്ണയിൽ മുക്കിയ തിരിവെച്ചു കത്തിച്ചു അകത്തുകയറി കവർച്ച നടത്തുന്നതിനിടെ വീട്ടമ്മയെ കൊടുവാൾ കൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇതേ വർഷം ഡിസംബർ മാസത്തിൽ തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിർത്തിയിട്ടിരുന്ന KL58M 2884 നമ്പർ ഓട്ടോറിക്ഷ മോഷ്ടിക്കുകയും, ഇതേ ഓട്ടോറിക്ഷയിൽ വ്യാജ നമ്പർ ഒട്ടിച്ചു കോഴിക്കോട് ഫറോക്കിൽ വെച്ച് ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ കയർമുറുക്കി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണും 3000 രൂപയും അടങ്ങിയ ബാഗ് പിടിച്ചു പറിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല ഇതേ ഓട്ടോറിക്ഷ ഉപയോഗിച്ച് കഴിഞ്ഞ വർഷം മഞ്ചേരി കരുവമ്പ്രത്ത് വെച്ചു സഹോദരന്റെ വീട്ടിലേക്കു പോകുന്നവഴി 68 വയസ്സുകാരിയുടെ ഏഴ് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കൊണ്ട് പോകുകയും ചെയ്തതും താൻ തന്നെയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം അതാതു പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതു കൂടാതെ പരപ്പനങ്ങാടിയിലുള്ള ജ്വല്ലറിക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു.

ഇയാൾ താമസിച്ചിരുന്ന ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജനമ്പർ പ്ളേറ്റുകളും റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസിന്റെ തുടരന്വേഷണത്തിനായി അഞ്ചു ദിവസത്തേക്ക് മുക്കം പോലീസിനു കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്.

സംഭവം നടന്ന മുത്തേരിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജു അറിയിച്ചു.

പ്രത്യേഗ അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്‌പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ മുക്കം എസ് ഐ ഷാജിദ്.കെ, എഎസ്ഐമാരായ സലീം മുട്ടത്ത്, ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, കാസിം, ലിനേഷ്, രതീഷ് ഏകരൂൽ, ശ്രീജേഷ്, ഉജേഷ്, സിൻജിത്, ശ്രീകാന്ത്, സിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെകൊണ്ടുപോയി തെളിവെടുപ്പ് നടത്തി സംഭവത്തിനിരയായ വയോധികയുടെ മൊബൈൽ ഫോണും കൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button