തിരുവമ്പാടി നിയോജകമണ്ഡലം: കോവിഡ് 19 അവലോകനം നടത്തി

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആകെ ഇരുപത്തിയേഴ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ പന്ത്രണ്ട് കേസുകൾ നെഗറ്റീവാകുകയും പതിനഞ്ച് പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. മണ്ഡലത്തിൽ ആകെ 1188 പേർ ക്വാറന്റൈനിൽ കഴിയുന്നു.
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായി വരുകയാണ്
പുതുപ്പാടിയിൽ കൈതപ്പൊയിൽ ലിസാ കോളേജ്, കോടഞ്ചേരിയിൽ വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടിയിൽ സേക്രഡ് ഹാർട്ട് ഫെറോന ചർച്ച് പാരിഷ് ഹാൾ, കൂടരഞ്ഞിയിൽ സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, മുക്കത്ത് മുക്കം ഓർഫനേജ് ഗേൾസ് ഹോസ്റ്റൽ, കാരശ്ശേരിയിൽ മരഞ്ചാട്ടി മർകസ് ഗേൾസ് ഹോസ്റ്റൽ, കൊടിയത്തൂരിൽ പന്നിക്കോട് ലൗ ഷോർ എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ക്രമീകരിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിലെ തീരുമാനങ്ങൾ
- വാർഡ് തല മോണിറ്ററിങ് കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കണം.
- അങ്ങാടികളിലും കച്ചവട സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി വിജിലൻസ് സമിതി രൂപീകരിക്കണം.
- കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിന് പോലീസ് ഫലപ്രദമായി ഇടപെടണം.
- വാർഡ് തല ആർ ആർ ടികൾ ഫലപ്രദമല്ലാത്ത ഇടങ്ങളിൽ കൂടുതൽ റിക്രൂട്ട്മെൻറ് നടത്തി സജീവമാക്കണം.
- ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറാക്കുന്നതിന് പ്രയാസമുള്ള പ്രദേശങ്ങളിലെ ഭരണസമിതികൾ ഈ വിവരം എം എൽ എ ഓഫീസിൽ അറിയിക്കണം.
യോഗത്തിൽ എം എൽ എ ജോർജ് എം തോമസ്, മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ചെയർമാൻമാർ, പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.







