Koodaranji
ചിപ്പിലിത്തോട് മേഖലയിൽ ആനക്കൂട്ടം കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു

കോടഞ്ചേരി : ചിപ്പിലിത്തോട് മേഖലയിൽ ആനക്കൂട്ടം രാത്രിയിലിറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ ആനക്കൂട്ടം ഒട്ടേറെ കാർഷികവിളകൾ വലിച്ചൊടിച്ചും ചവിട്ടിയും നശിപ്പിച്ചു. കൈയാലകൾ ചവിട്ടി താറുമാറാക്കി. പടക്കം വിതരണംചെയ്യാത്തതിനാൽ ആനക്കൂട്ടത്തെ തുരത്താൻ കർഷകർക്കാവുന്നില്ല.
ജോണി കണ്ടനാട്ടിൽ, വർഗീസ് മോളെകുന്നേൽ, ജോസ് പടിഞ്ഞാറേക്കര, ഏലിക്കുട്ടി വാഴംപ്ലാക്കൽ, ജോസ് പുളിക്കൽ, ജോൺസൺ കാക്കനാട് തുടങ്ങിയ കർഷകരുടെ കവുങ്ങ്, കൊക്കോ, വാഴ എന്നിവ നശിപ്പിച്ചു. ഒരുമാസത്തിനുള്ളിൽ അഞ്ചാംതവണയാണ് ആനക്കൂട്ടത്തിന്റെ തേർവാഴ്ച. രാത്രിയിൽ ഇറങ്ങുന്ന ആനക്കൂട്ടം പുലരുമ്പോഴേക്കും കാടുകയറും. ആനക്കൂട്ടത്തെ തുരത്താനുള്ള നടപടി ഊർജിതമാക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു.






