കാർഷിക രംഗത്തെ യുവ പ്രതിഭക്ക് പഠിച്ച സ്കൂളിന്റെ ആദരവ്

പുല്ലൂരാംപാറ: പരമ്പരാഗത കാർഷിക വൃത്തികളും നവീന ആശയങ്ങളും മാർഗ്ഗങ്ങളും ഒരുപോലെ സ്വീകരിച്ച് കൃഷിയെ ഒരു മുഴുവൻ സമയ ജോലിയാക്കി വിജയകരമായി മുന്നോട്ട് പോകുന്ന യുവതലമുറ കർഷകനായ പുല്ലൂരാംപാറ, കണ്ടത്തുംതൊടിയിൽ ജോസിന്റെ മകൻ സിജോ ജോസിനെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പുല്ലൂരാംപാറ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന സിജോ പരമ്പരാഗത കൃഷികളോടൊപ്പം ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലും മികച്ച വിജയം നേടിയിരിക്കുന്ന വ്യക്തിയാണ്. പ്ലാവ്, റംബൂട്ടാൻ, ജാതി, കുരുമുളക് തുടങ്ങിയ വിവിധ കാർഷിക വിളകൾ തയ്യാർ ചെയ്ത് വിപണനം ചെയ്യുന്ന നല്ലൊരു നഴ്സറി വീടിനോട് ചേർന്ന് ഈ യുവ കർഷകൻ നടത്തി വരുന്നുണ്ട്. നല്ലൊരു വെൽഡറും ടെക്നിക്കൽ എക്സ്പേർട്ടും കൂടിയായ സിജോ തന്നെയാണ് ഇവിടേക്ക് ആവശ്യമായ മഴമറ അടക്കമുള്ള സംവിധാനങ്ങളും ജോലികൾക്കാവശ്യമായ മിക്കവാറും ഉപകരണങ്ങളും ചെറുകിട യന്ത്രസംവിധാനങ്ങളും നിർമ്മിച്ചിരിക്കുന്നതും. ഗൾഫിലെ ജോലി ഉപേക്ഷിച്ച് കൃഷി ഒരു മുഴുവൻ സമയ ജോലിയായി സ്വീകരിച്ച് വിജയകരമായി മുന്നോട്ട് പോകുകയാണ് സിജോ.
ചിങ്ങം ഒന്ന്, കർഷക ദിനം ആചരണത്തിന്റെ ഭാഗമായാണ് ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിലിന്റെ നേതൃത്വത്തിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആന്റണി കെ. ജെ, പി.ടി.എ പ്രസിഡന്റ് ജോസുകുട്ടി നീണ്ടുക്കുന്നേൽ എന്നിവർ ചേർന്ന് സിജോയെ പൊന്നാട അണിയിച്ചു. കർഷക ശബ്ദം ചെയർമാനും യുവ എക്സിക്യൂട്ടീവ് അംഗവുമായ ജോജോ കാഞ്ഞിരക്കാടൻ വിശിഷ്ടാതിഥിയായിരുന്നു. ഹൈസ്കൂൾ അദ്ധ്യാപകനായ ജോസഫ് ജോർജ്ജ്, പി.ടി.എ വൈസ് പ്രസിഡന്റ് അജു എമ്മാനുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.







