Puthuppady
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് സഹായധനം വിതരണം ചെയ്തു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് എ.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നതിന് അടിയന്തര സഹായധനം (വൾനറബിലിറ്റി റിഡക്ഷൻ ഫണ്ട്) വിതരണം ചെയ്തു. ആകസ്മികമായി ഉണ്ടാകുന്ന അപകടം, വിവിധ അസുഖങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പട്ടിണി എന്നിവ നേരിടുന്ന അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് സഹായധനം ലഭ്യമാവുക.
സി.ഡി.എസിനുകീഴിലുള്ള ഒടുങ്ങാക്കാട്, വാനിക്കര, കരികുളം എ.ഡി.എസുകൾക്കാണ് ഫണ്ട് നൽകിയത്. വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഒടുങ്ങാക്കാട് എ.ഡി.എസ്. ഭാരവാഹികളായ ഗീതാ ഗോപാലൻ, പി.സി. ഷീന എന്നിവർക്ക് നൽകി നിർവഹിച്ചു. വാനിക്കര എ.ഡി.എസിന് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിലും കരികുളം എ.ഡി.എസിന് സി.ഡി.എസ്. ചെയർപേഴ്സൺ ഷീബാ സജിയും ഫണ്ട് വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അമ്പുഡു ഗഫൂർ, ഡെന്നി വർഗീസ് എന്നിവർ പങ്കെടുത്തു.







