കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയത് ‘പൂജ്യം വോട്ട്’

കോഴിക്കോട്: കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചൂണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാർത്ഥി അബ്ദുൽ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല. 569 വോട്ടു നേടിയാണ് ഫൈസൽ വിജയിച്ചത്. അതേസമയം കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.
ആദ്യം എൽഡിഎഫ് പിന്തുണയോടെയാണ് ഫൈസൽ മത്സര രംഗത്തെത്തിയത്. പിന്നീട് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ തവണ പറമ്പത്തുകാവിൽ നിന്ന് കാരാട്ട് ഫൈസൽ എൽഡിഎഫ് സീറ്റിൽ വിജയിച്ചിരുന്നു.
ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം പിന്‍വലിച്ചത്. എന്നാല്‍ പ്രത്യക്ഷമായി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെങ്കിലും എല്‍ഡിഎഫ് വോട്ടുകള്‍ ഫൈസലിന്റെ പെട്ടിയില്‍ വീണുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.







