വനപാലകർക്കു നേരെ വേട്ടനായ്ക്കൾ: മൂന്നുപേർ പിടിയിൽ

താമരശ്ശേരി: കാട്ടുപോത്തിനെ വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ വനപാലകർക്കുനേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെട്ട ആറംഗ നായാട്ടുസംഘത്തിലെ മൂന്ന് പേർ പിടിയിൽ.
കൂടരഞ്ഞി പൂവാറൻതോട് തമ്പുരാൻകൊല്ലി പ്രദേശത്ത് ജനുവരി 21ന് വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഹരികൃഷ്ണൻ, ജിതേഷ്, ബിനു, എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നായാട്ടു സംഘം രക്ഷപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി പോലീസിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാക്യാനിയിൽ ജിൽസന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ അമ്പത് കിലോയോളം കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി, രണ്ടു നാടൻതോക്കുകൾ, പതിനെട്ട് തിരകൾ, ഒരു കിലോയോളം വരുന്ന ഈയ ഉണ്ടകൾ, അഞ്ചു വെട്ടുകത്തികൾ, മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്‌ലൈറ്റ് എന്നിവ കണ്ടെടുത്തിരുന്നു. കാട്ടുപോത്തിന്റെ കൊമ്പ് സഹിതം പ്രദേശത്ത് നിർത്തിയിട്ടിരുന്ന പ്രതികളുടെ ജീപ്പും വനപാലകർ കസ്റ്റഡിയിലെടുത്തിരുന്നു.കേസിലെ പ്രധാന പ്രതിയായ ജിൽസൻ ഉൾപ്പെടെ മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്







