ഗോതമ്പ്റോഡ്-പുതിയനിടം, കൈതപ്പൊയിൽ-അഗസ്ത്യന്മുഴി റോഡ് നിർമ്മാണ പ്രവർത്തികൾ എം എൽ എയും സംഘവും സന്ദർശിച്ചു.

നിർമാണം നടന്നുകൊണ്ടിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിന്റെ അഗസ്ത്യൻമുഴി മുതൽ തിരുവമ്പാടി ടൗൺ വരെയുള്ള ഭാഗം എം എൽ എ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സന്ദർശിക്കുകയും തിരുവമ്പാടിയിലെ വ്യാപാരികൾ, വ്യാപാരി പ്രതിനിധികൾ എന്നിവരോട് സംസാരിക്കുകയും ചെയ്തു.
ചർച്ചക്ക് ശേഷം തിരുവമ്പാടി ടൗണിൽ ഡ്രെയിനേജ് സ്ഥാപിച്ച സ്ഥലങ്ങളിൽ അടുത്ത ശനിയാഴ്ചക്കുള്ളിൽ കവറിംഗ് സ്ഥാപിക്കുവാനും, ബസ്സ് സ്റ്റാൻഡ് മുതൽ കുരിശുപള്ളി ജംഗ്ഷൻ വരെയുള്ള ഭാഗം ഡ്രെയിനേജ് പ്രവർത്തി രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുവാനും, ശേഷം ഭാഗങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കുവാനും, ജൂലൈ നാല് മുതൽ ഒരു മാസം കൊണ്ട് തൊണ്ടിമ്മൽ കിണർ മുതൽ അഗസ്ത്യമുഴി പാലം വരെ തുടർച്ചയായി പ്രവൃത്തി നടത്തുവാനും, പോലീസ് സ്റ്റേഷൻ മുതൽ പെട്രോൾ പമ്പ് വരെ ജി എസ് ബി ഇട്ട് ഗതാഗതയോഗ്യമാക്കുവാനും,
ഫോർമേഷൻ പൂർത്തിയായ സ്ഥലങ്ങളിൽ ജി എസ് ബി ഇടുവാനും, സെപ്റ്റംബറിൽ ടാറിങ് ആരംഭിക്കുവാനും തീരുമാനമായതായി എം എൽ എ അറിയിച്ചു.
കഴിഞ്ഞ മാസം എം എൽ എ അധികൃതരുമായി നടത്തിയ ചർച്ചയിൽ ജൂൺ 6,7,8 തിയ്യതികളിൽ തിരുവമ്പാടിയിലെ മുഴുവൻ ഡ്രൈനേജ് പ്രവർത്തിയും പൂർത്തീകരിക്കുമെന്ന് അറിയിച്ചുരുന്നുവെങ്കിലും ആഴ്ച്ചകൾക്ക് ശേഷവും പ്രവർത്തി എങ്ങുമെത്താതെ നിലയാണുള്ളത്. ഇതേത്തുടർന്നു പലയിടങ്ങളിലും പ്രതിഷേധം ഉയർന്നുവന്നിരുന്നു.
ഗോതമ്പ് റോഡ്-പുതിയനിടം റോഡിൽ വരും ദിവസങ്ങളിൽ ഡ്രെയിനേജ് നിർമാണം പുനരാരംഭിക്കുവാനും, ആഗസ്റ്റ് പതിനഞ്ചിനുള്ളിൽ ജി എസ് ബി ഇട്ട് റോഡ് ഗതാഗത യോഗ്യമാക്കുവാനും, മഴ മാറിയതിനു ശേഷം ഡിസംബറിനുള്ളിൽ ടാറിംഗ് പൂർത്തിയാക്കുവാനും തീരുമാനമായി.







