അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ മാവൂർ മേഖലയിൽ വ്യാപക കൃഷി നാശം

മാവൂർ : ഞായറാഴ്ച്ച രാത്രി അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ മാവൂർ മേഖലയിൽ വ്യാപക കൃഷി നാശം. മാവൂർ പഞ്ചായത്തിലെ ഊർക്കടവ്, ആയംകുളം ഭാഗത്തെ വാഴ കർഷകർക്കാണ് കൃഷി നാശം സംഭവിച്ചത്. അഞ്ച് മാസത്തോളം പ്രായമെത്തിയ 3000ത്തിലധികം നേന്ത്രവാഴകളാണ് നശിച്ചത്.
ഊർക്കടവ് കൂട്ടക്കൽ വയലിലെ കർഷകനായ എ.പി.കരീമിൻ്റെ 1500 ഓളം വാഴളും നശിച്ചിട്ടുണ്ട്.ഇതിന് തൊട്ടടുത്തുള്ള മാടാരി വയലിലെ കർഷകരായ സി.ടി.മുഹമ്മദിൻ്റെ 250 വാഴകളും ഷൈജുവിൻ്റെ 1400 ലേറെ വാഴകളുമാണ് കാറ്റിൽ ഒടിഞ്ഞുവീണത്. കൽപ്പള്ളി ആയംകുളത്തെ വാലുമ്മൽ വയലിലെ കർഷകനായ ചന്ദ്രൻ വളയങ്ങോട്ടിനും, മട്ടനത്തു താഴം വയലിലെ പ്രബീഷ് വളയങ്ങോട്ടിനും തണ്ടൻ കടവു വയലിലെ കർഷകനായ വിജയൻ പുന്നപുറത്തിനും അലവി ആയംകുളം, അബ്ദുറഹിമാൻ, സി.ടി.മുഹമ്മദ് എന്നീ കർഷകർക്കും കൃഷി നാശം സംഭവിച്ചു. മിക്ക കർഷകരും പാട്ടത്തിനെടുത്ത വയലിലാണ് വാഴകൃഷിയിറക്കിയത്.ഇതുമൂലം വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടായത്.
മാവൂർ കൃഷിഭവന് കീഴിലെ വാഴകർഷകർക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചതെന്നും കൃത്യമായ കണക്കുകൾ ലഭ്യമാകുന്ന മുറക്ക് നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്ന് കൃഷി ഓഫീസർ ദർശന ദിലീപ്അറിയിച്ചു. മാവൂർ കൃഷി ഓഫീസർ ദർശന ദിലീപ്, കൃഷി അസിസ്റ്റൻ്റ് കെ.ദിവ്യ, കർഷക സംഘം, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് മുനീർ കുതിരാടം തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ചു.







