വയനാട് ചുരത്തിൽ ഷട്ടിൽ സർവീസുമായി കെ.എസ്.ആർ.ടി.സി

താമരശ്ശേരി : ഈ മാസം 19-ന് വയനാട് ചുരത്തിൽ ഒമ്പതാംവളവിനടുത്ത് നവീകരണപ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിർമാണം പുരോഗമിക്കുന്നു.
ഒരാഴ്ചയായി രാത്രിയും പകലുമായി നടക്കുന്ന ഭിത്തി കോൺക്രീറ്റിങ് 17 മീറ്റർ പൂർത്തിയായി. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് റോഡ് തകർന്ന ഭാഗത്തുകൂടി കടന്നുപോവാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടിലായതോടെ ചുരത്തിൽ മാർച്ച് 5-വരെ കെ.എസ്.ആർ.ടി.സി. ഷട്ടിൽ സർവ്വീസ് ആരംഭിച്ചു.
കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോയിൽനിന്ന് എട്ട് ബസും കല്പറ്റ ഡിപ്പോയിൽനിന്ന് ഒൻപത് ബസുമാണ് സർവീസ് നടത്തുന്നത്. ഓരോ ബസും ഒൻപത് തവണയിലേറെ സർവീസ് നടത്തുന്നുണ്ട്. മുപ്പതിലേറെ ജീവനക്കാരാണ് ഷട്ടിൽ സർവീസിനായി ജോലിചെയ്യുന്നത്. താമരശ്ശേരി ഡിപ്പോയിലെ ബസുകളാണ് അടിവാരത്തുനിന്ന് ഒൻപതാം വളവിനുതാഴെ തകരപ്പാടിക്കടുത്ത് റോഡ് തകർന്നഭാഗത്ത് യാത്രക്കാരെ എത്തിക്കുന്നത്.
യാത്രക്കാർ കാൽനടയായി അപ്പുറത്തെത്തി അവിടെനിന്ന് കല്പറ്റയ്ക്കുള്ള ബസിൽ യാത്ര തുടരുന്നു. റോഡ് നവീകരണം പൂർത്തിയാവാൻ ഇനിയും ഒരാഴ്ച സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.






