താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റിയുടെ കുടിവെള്ളപദ്ധതി

താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്‌ലാം മഹല്ലുകമ്മിറ്റിയും മഖാംട്രസ്റ്റും സംയുക്തമായി കുടിവെള്ളപദ്ധതി യാഥാർഥ്യമാക്കി. പദ്ധതിക്കുവേണ്ടി മഹല്ലുകമ്മിറ്റി പൂർത്തീകരിച്ച കുഴൽക്കിണർ നാടിനു സമർപ്പിച്ചു. ഡയാലിസിസ് സെന്റർ ഉൾപ്പെടെ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ വെള്ളത്തിന്റെ ആവശ്യം വർധിച്ച സാഹചര്യത്തിൽ പൊതുപ്രവർത്തകർ പ്രശ്‌നം ഒടുങ്ങാക്കാട് മഹല്ലുകമ്മിറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കുടിവെള്ളപദ്ധതിക്കായുള്ള കുഴൽക്കിണർ നിർമിച്ചുനൽകാൻ മഹല്ലുകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ സ്വിച്ച്ഓൺ കർമം നിർവഹിച്ചുകൊണ്ട് പദ്ധതി സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. സുനീർ അധ്യക്ഷനായി.
മഹല്ലുകമ്മിറ്റി സെക്രട്ടറി പി.എ. മൊയ്തീൻകുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എം. അഷ്‌റഫ് മാസ്റ്റർ, സുമാ രാജേഷ്, എ.കെ. കൗസർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജിത, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ സഹദേവൻ, ലിസ, പി.എസ്. മുഹമ്മദലി, പി.പി. ഹാഫിസ് റഹിമാൻ, സി.ടി. ടോം, എൻ.പി. റസാഖ്, എം. സുൽഫീക്കർ, കാസിം കാരാടി, ഷംസീർ എടവലം തുടങ്ങിയവർ സംസാരിച്ചു.






