Kozhikode

നിർത്തിയിട്ട കാറും ആംബുലൻസും കത്തിനശിച്ചു

കോഴിക്കോട് : മിനി ബൈപ്പാസിലെ റോഡരികിൽ നിർത്തിയിട്ട കാറും ആംബുലൻസും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ എരഞ്ഞിപ്പാലം-അരയിടത്ത്പാലം റോഡിൽ സരോവരം പാർക്കിന് എതിർവശത്താണ് സംഭവം. ടാക്സി സർവീസ് നടത്തുന്ന കാർ രണ്ടു മണിയോടെയാണ് ഇവിടെ പാർക്ക് ചെയ്തത്. അരമണിക്കൂറിനുള്ളിൽത്തന്നെ കാറിൽനിന്ന് തീ ഉയരുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത് നിർത്തിയിട്ട ആംബുലൻസിലേക്ക് തീപടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റു ആംബുലൻസുകളിലെ ഡ്രൈവർമാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

ബീച്ചിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആംബുലൻസുകളും മറ്റു ടാക്സി വാഹനങ്ങളും പതിവായി നിർത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിത്. പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. നടക്കാവ് എസ്‌.ഐ. നിയാസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles

Leave a Reply

Back to top button