കണ്ണോത്ത് നിന്നും കാശ്മീരിലേക്ക് ഒരു കാൽനടയാത്ര:

കോടഞ്ചേരി: യാത്രയെ പ്രണയിക്കുന്നവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ഒരുപാടുണ്ട്.യാത്രയ്ക്കായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് എളുപ്പ മാർഗങ്ങളായ കാറോ, സൈക്കിളോ, ബൈക്കോ ഒക്കെ ആയിരിക്കും. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ ആശയവുമായി കണ്ണോത്ത് സ്വദേശി സിവിൻ കെ പി. നാടിനെയും, നാടിന്റെ സംസ്കാരങ്ങളെയും അടുത്തറിയുവാൻ നടന്ന് പോകുന്നതിലും വേറൊരു എളുപ്പവഴി ഇല്ലന്ന് മനസ്സിലാക്കി കാൽനടയായി ഇന്നലെ രാവിലെ കണ്ണോത്ത് സ്വന്തം വീട്ടിൽ നിന്ന് യാത്ര തുടങ്ങി. ഒറ്റക്കാണ് സിവിന്റെ യാത്ര.ആളുകളും ആരവങ്ങളും ഇല്ലാതെ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര സിവിൻ ശനിയാഴ്ച തുടങ്ങി.
Walking Mania എന്ന് പേരിട്ട യാത്രയിൽ തന്നെ അറിയുന്നവരിലേക്ക് ദിവസവും യാത്രയുടെ വിവരങ്ങൾ അറിയിക്കാൻ ‘Dare Footer’ എന്നൊരു യുട്യൂബ് ചാനലും തുടങ്ങി. നിലവിൽ 60 ദിവസംകൊണ്ട് 8 സംസ്ഥാനങ്ങൾ പിന്നിട്ട് യാത്ര പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.കണ്ണോത്ത് കച്ചവടം നടത്തുകയാണ് സിവിന്റെ പിതാവ് കടിയന്മാലിയിൽ പൈലി. അമ്മയും പപ്പയും രണ്ടു ചേച്ചിമാരും അടങ്ങുന്നതാണ് സിവിന്റെ കുടുംബം.
ബാംഗ്ലൂർ ജോലി ചെയ്തുകൊണ്ടിരുന്ന സിവിൻ കഴിഞ്ഞ 3 മാസമായി ഈ യാത്രക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. യാത്രയാരംഭിച്ച് ഇന്നേക്ക് രണ്ടാം ദിവസം ആയപ്പോൾ തന്റെ മനസ്സിലുള്ള സന്തോഷം വളരെ ഏറെയാണെന്ന് സിവിൻ അഭിപ്രായപ്പെട്ടു.യാത്ര തുടങ്ങാൻ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ആയിരുന്നു ഏറ്റവും വിഷമം എന്ന് അദ്ദേഹം പറഞ്ഞു. താൻ തുടങ്ങിയിരിക്കുന്ന യൂട്യൂബ് ചാനൽ വഴി ഒരു ചെറിയ വരുമാനം ലഭിക്കും എന്നും ഈ യാത്ര പൂർത്തിയാക്കാൻ സാധിക്കും എന്നും സിവിൻ കരുതുന്നു. ഏതായാലും വ്യത്യസ്തമായ ഒരു രീതിയിൽ നമ്മുടെ സ്വന്തം നാട്ടിൽനിന്നും സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന കാശ്മീരിലേക്ക് നടന്നു പോകുന്ന ആദ്യത്തെ വ്യക്തി ആയിരിക്കും.
യാത്രയിലുടനീളം കൂട്ടുകാരും വീട്ടുകാരും വിശേഷങ്ങൾ അറിയാനായി സ്ഥിരം ബന്ധപ്പെടുന്നുണ്ട്. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ 8 സംസ്ഥാനത്ത് കൂടിയുള്ള തന്റെ യാത്രയ്ക്ക് ബുദ്ധിമുട്ട് ആകില്ല എന്ന് സിവിൻ പ്രതീക്ഷിക്കുന്നു. വഴിയിൽ പ്രതിബന്ധങ്ങൾ ഉണ്ടാൽ പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം വേണ്ടിവരും ലക്ഷ്യത്തിൽ എത്തുവാൻ.







