പുഴയിലിറങ്ങി കുളിച്ചാൽ ആക്രമണം, നീർനായയുടെ കടിയേറ്റത് 50 പേർക്ക്

മുക്കം ∙ ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ നീർനായയുടെ കടിയേറ്റ് 50 ലേറെ പേർക്ക്.നീർ നായ ശല്യം രൂക്ഷമായതിനെ തുടർന്ന് ഇരുവഞ്ഞിപ്പുഴയുടെ കടവുകളിൽ വനം വകുപ്പിന്റെ ദ്രുത കർമ സേനയെത്തി പരിശോധന നടത്തിയിട്ടും നടപടിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിലും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തു പരിധിയിലെ പുഴയിൽ നിന്ന് ഒട്ടേറെ പേരെ നീർ നായ കടിച്ചു പരുക്കേൽപിച്ചു.ഇടവഴിക്കടവ്,കോട്ടമൂഴി,ചാലയ്ക്കൽ, പുതിയോട്ടിൽ,പുത്തൻവീട്ടിൽ,കാരാട്ട്,കച്ചേരി,ചേന്നമംഗല്ലൂർ തുടങ്ങിയ കടവുകളിലാണ് നീർനായയുടെ ആക്രമണം കൂടുതൽ.
കൊടിയത്തൂർ പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം കാരാട്ട് കടവിൽ ദ്രുത കർമ സേനയെത്തി പരിശോധന നടത്തിയത്. ഈ മാസം പ്രജനന കാലമായതിനാലാണ് നീർനായ്ക്കൾ ആക്രമണ സ്വഭാവം കൂടുതലായും കാണിക്കുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം . ഇത് അടുത്ത മാസവും തുടർന്നേക്കും. ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന ഒന്നും ചെയ്യരുതെന്നാണ് നിർദേശം. കുട്ടികൾ ഉൾപ്പെടെയുള്ളവർ പുഴയിൽ കുളിക്കാനിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതരുടെ നിർദേശം.
നീർനായയുടെ കടിയേറ്റ് കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായ പരുക്കാണ്. വേനൽ കടുത്തതോടെ കിണറുകളിൽ ജലവിതാനം കുറഞ്ഞതിനാൽ കുളിക്കാനും അലക്കാനും മറ്റും ഇരുവഞ്ഞിപ്പുഴയെ ആശ്രയിക്കുകയേ മാർഗമുള്ളൂ. പുഴയിലിറങ്ങി കുളിച്ചാൽ നീർനായയുടെ ആക്രമത്തിന് ഇരയാകുമെന്ന അവസ്ഥയാണെന്ന് പുഴയോര നിവാസികൾ പറയുന്നു. വനം വകുപ്പ് സെക്‌ഷൻ ഓഫിസർ പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു ദ്രുത കർമ സേനയെത്തിയിരുന്നത്. ദ്രുത കർമസേനയ്ക്ക് പുഴയിൽ നീർനായ്ക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.







