Kozhikode

ഓട്ടയടയ്‌ക്കൽ തുടരുന്നു : പൊളിഞ്ഞും പൊളിച്ചുമാറ്റിയും വീണ്ടും പൊളിഞ്ഞും ദേശീയപാത

താമരശ്ശേരി: റീടാറിങ് കഴിഞ്ഞശേഷം വിള്ളൽ വീണതിനെത്തുടർന്ന് ദേശീയപാതയിൽ വീണ്ടും പൊളിച്ച് ടാറിങ് നടത്തി. ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരംഭാഗത്ത് റീടാറിങ് ചെയ്ത ഭാഗത്താണ് വീണ്ടും വിള്ളൽ വീണത്. വിള്ളൽവീണഭാഗം പൊളിച്ച് ടാറിങ് ചെയ്യുന്ന പ്രവൃത്തി ബുധനാഴ്ച നടന്നു.
അഴിമതി ആരോപണത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ട് റിപ്പോർട്ട് തേടിയ നവീകരണപ്രവൃത്തിയാണ് ഇപ്പോഴും പൊളിഞ്ഞും പൊളിച്ചുമാറ്റിയും വീണ്ടും പൊളിഞ്ഞും പണി തുടരുന്നത്.

റീടാറിങ്‌ നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകൾ രൂപപ്പെടുകയും ടാറിങ്‌ ഇളകിപ്പോകുകയും ചെയ്യുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് റീടാറിങ് നടന്നെങ്കിലും പലയിടത്തും അതേ അവസ്ഥ തുടരുകയാണ്. ദേശീയ പാതയിൽ ആദ്യം റീടാറിങ്‌ കഴിഞ്ഞ് ഒരു ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ റോഡിന്റെ തകർച്ചയും തുടങ്ങി. ഇതേത്തുടർന്ന് നാട്ടുകാർ മുഖ്യമന്ത്രിക്കും ദേശീയപാത ചീഫ് എൻജിനിയർക്കും സെൻട്രൽ വിജിലൻസ് കമ്മിഷനും, വിജിലൻസ് ആൻഡ്‌ ആൻറി കറപ്ഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഒരു കിലോമീറ്റർ റീടാറിങ് നടത്തിയഭാഗം പൂർണമായും വിവിധയിടങ്ങളിൽ ഭാഗികമായും ടാറിങ്‌ പൊളിച്ചുമാറ്റി വീണ്ടും ടാറിങ് ചെയ്യുകയായിരുന്നു.

അന്ന് ഒഴിവാക്കിയിട്ട പലയിടങ്ങളിൽ വീണ്ടും ടാറിങ്‌ പൊട്ടിപ്പൊളിയാനും വിള്ളൽ വീഴാനും തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടാനായി ചുമതലയുള്ള ദേശീയപാത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വിള്ളൽവീണ ഭാഗങ്ങളിൽ ഓട്ടയടയ്ക്കൽ നടക്കുന്നത്.
താമരശ്ശേരി ചുരംവഴി ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയാൽ ടാറിങ് നടത്തിയഭാഗം പൂർണമായും തകർന്നുപോകുമെന്ന് നാട്ടുകാർ നേരത്തെതന്നെ ചുണ്ടിക്കാട്ടിയിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും മധ്യേയുള്ള ഭാഗത്തും മിച്ചഭൂമിക്ക് മുൻവശവു, മലപുറം സ്കൂളിനു സമീപവുമടക്കം ഒട്ടേറെ സ്ഥലങ്ങളിലാണ് ബുധനാഴ്ച ഓട്ടയടച്ചത്. ഇതിന് എത്രദിവസത്തെ ആയുസ്സുണ്ടെന്ന് കാത്തിരുന്നു കാണാമെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Back to top button