Kozhikode

അപകട മരണം: ഇൻഷുറൻസില്ലാത്ത മണ്ണുമാന്തിയന്ത്രം കോടതി കണ്ടുകെട്ടി

നാദാപുരം∙ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥൻ മണ്ണുമാന്തിയന്ത്രം തട്ടി മരിച്ച  സംഭവത്തിൽ, അപകടത്തിനിടയാക്കിയ വാഹനം കോടതി ഉത്തരവു പ്രകാരം സർക്കാരിലേക്കു കണ്ടുകെട്ടി. വടകര മോട്ടർ ആക്സിഡന്റ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്.  കോട്ടുമുക്കിലെ വാഴയിൽ ബാലൻ (60) ആണു ഫെബ്രുവരി 10ന്  അരൂർ തണ്ണീർപന്തൽ റോഡിൽ കോട്ടു മുക്കിലുണ്ടായ അപകടത്തിൽ മരിച്ചത്. കോട്ടുമുക്കിലെ മണ്ണെടുക്കുന്ന പറമ്പിൽ നിന്ന് അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയ മണ്ണുമാന്തിയുടെ യന്ത്രഭാഗം, സ്കൂട്ടറിൽ വരികയായിരുന്ന ബാലന്റെ തലയിൽ ഇടിക്കുകയായിരുന്നു. ബാലനെ ഉടൻ   വടകര ജില്ലാ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലത്തു നിന്ന് പൊലീസ് എത്തുന്നതിന് മുൻപ്  മണ്ണുമാന്തിയന്ത്രം മാറ്റിയിരുന്നു.  

രേഖകൾ പരിശോധിച്ചപ്പോഴാണ് ഇൻഷുറൻസ് ഇല്ലെന്നു വ്യക്തമായത്. തുടർന്ന് കോടതി 20 ലക്ഷം രൂപ കെട്ടി വയ്ക്കാൻ  ഉടമ  കുറ്റിപ്പുനത്തിൽ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉടമ  തയാറായില്ല.  തുടർന്നാണ് വാഹനം കണ്ടുകെട്ടാൻ ഉത്തരവായത്. അപകടശേഷം മണ്ണുമാന്തിയന്ത്രം നാദാപുരം പൊലീസ് സ്റ്റേഷൻ വളപ്പിലാണു സൂക്ഷിച്ചിരുന്നത്. ഇന്നലെ  രാവിലെ കോടതി ഉത്തരവുമായി ആമീൻ നാദാപുരം സ്റ്റേഷൻ വളപ്പിലെത്തി.  സാധാരണയായി വാഹനാപകടക്കേസുകളിൽ വർഷങ്ങൾ‌ കഴിഞ്ഞാണ് വിധി വരാറുള്ളത്. എന്നാൽ ഈ കേസിൽ,  സംഭവം നടന്ന് ഒരു മാസം കൊണ്ടാണ് കോടതി  നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Back to top button