പോരാട്ടച്ചൂടില്‍ തിരുവമ്പാടി; പ്രചരണം കൊഴുപ്പിച്ച് സി.പിയും ലിന്റോയും

മുക്കം: വേനല്‍ ചൂട് വകവെക്കാതെ തിരുവമ്പാടിയുടെ പോരാട്ടച്ചൂടും വര്‍ധിക്കുകയാണ്. പ്രചരണരംഗത്ത് ഇരുമുന്നണികളും സജീവമായി. ‘മാഷ് വരട്ടെ വികസനം വരട്ടെ’ എന്ന തലക്കെട്ടോടെ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. ഉറപ്പാണ് തിരുവമ്പാടി എന്ന തലക്കെട്ടില്‍ തുടര്‍ ഭരണത്തിനായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫും പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട്.
എന്‍.ഡി.എ സ്ഥാനാര്‍ഥി ബേബി അമ്പാട്ടും പ്രചരണ രംഗത്തുണ്ട്. മലയോര മേഖലയായ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളെയും സ്ഥാപനമേധാവികളെയും സന്ദര്‍ശിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥന നടത്തുന്ന തിരക്കിലാണ്. ഇന്നലെ മുക്കം നഗരസഭയിലെ എം.എ.എം.ഒ കോളേജ്, ഡോണ്‍ബോസ്കോ, അല്‍ ഇര്‍ഷാദ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സി.പി സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ലിന്റോ ജോസഫിന്റെ പര്യടന പരിപാടികള്‍ അഞ്ചാം ദിവസം മുക്കം നഗരസഭയിലും തിരുവമ്പാടി പഞ്ചായത്തിലും പൂര്‍ത്തീകരിച്ചു. എം.എ ബേബി, മന്ത്രി സി. രവീന്ദ്രനാഥ്, എ വിജയരാഘവന്, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് പ്രചാരണത്തിനെത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ മുന്നണികളുടെ സംസ്ഥാന – ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷ. അതോടെ തിരുവമ്പാടിയിലെ പോരാട്ടച്ചൂട് വീണ്ടും കനക്കും.







