Mukkam

മലയോരമേഖലയുടെ ഹൃദയമായ ഇരുവഴിഞ്ഞിപ്പുഴ കേന്ദ്രമായി ടൂറിസംപദ്ധതി ഒരുങ്ങുന്നു

മുക്കം: മലയോരമേഖലയുടെ ഹൃദയമായ ഇരുവഴിഞ്ഞിപ്പുഴ കേന്ദ്രമായി ടൂറിസംപദ്ധതി ഒരുങ്ങുന്നു. മുക്കം നഗരസഭയുടെ നേതൃത്വത്തിലാണ് മൂന്നുകോടിരൂപ ചെലവിൽ ഇരുവഴിഞ്ഞി ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കമായി.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മുക്കം പാലം മുതൽ തൃക്കുടമണ്ണ ക്ഷേത്രംവരെ പുഴതീരത്ത് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. വിനോദസഞ്ചാര വികസനത്തോടൊപ്പം പുഴയോരത്തിന്റെ സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്. മുക്കം പാലംമുതൽ മനോഹരമായ നടപ്പാതയും പാതയുടെ വിവിധ ഭാഗങ്ങളിലായി ഇരിപ്പിടങ്ങളും നിർമിക്കും. പദ്ധതിയുടെ പ്രോജക്ട്‌ നേരത്തെത്തന്നെ ടൂറിസംവകുപ്പിന് സമർപ്പിച്ചിരുന്നു. കോഫീഹൗസുകൾ, സൈക്കിൾസവാരി, ഏറുമാടങ്ങൾ, ചൂണ്ടയിടുന്നതിനായി പ്രത്യേകസ്ഥലങ്ങൾ, ബോട്ടിങ് തുടങ്ങിയവയും ഒരുക്കും.

കക്കാടംപൊയിൽ, തുഷാരഗിരി, അരിപ്പാറ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ മുക്കത്തേക്ക് ആകർഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവസംരക്ഷണഭിത്തികൾ കെട്ടി മുളകൾ വെച്ചുപിടിപ്പിക്കും. സുരക്ഷയുടെ ഭാഗമായി വഴിവിളക്കുകളും സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും. ഇതോടെ പുഴയിലെ മാലിന്യം തള്ളുന്നതിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചാക്കുകളിൽ മണ്ണ് നിറച്ചാണ് ജൈവസംരക്ഷണ ഭിത്തി നിർമിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ പ്രഭാതസവാരിക്കടക്കം ഉപയോഗപ്പെടുത്താനാവും. നിലവിൽ മുക്കം പാലത്തിന് സമീപത്തുനിന്നാണ് പ്രവൃത്തി നടക്കുന്നത്.

Related Articles

Leave a Reply

Back to top button