Kozhikode

കോവിഡ് വ്യാപന ഭീതി; രാഷ്ട്രീയ പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കും, വിവാഹത്തിൽ പങ്കെടുക്കാൻ 200 പേര്‍ക്ക് മാത്രം അനുമതി

കോഴിക്കോട് ∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിൽ രണ്ടാഴ്ചത്തേക്കു രാഷ്ട്രീയ പാർട്ടികളുടെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.

യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ

∙ ബീച്ചിൽ പ്രവേശനം വൈകിട്ട് 7 വരെ മാത്രം. കൂടുതൽ ആളുകൾ എത്തിയാൽ ബീച്ചിലേക്കും മറ്റു ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം തടയും. പൊലീസിനും സെക്ടറൽ മജിസ്‌ട്രേട്ടുമാർക്കും ഡെസ്റ്റിനേഷൻ മാനേജർമാർക്കും ചുമതല.

1. 60 വയസ്സിനു മുകളിലുള്ളവർക്കു ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനത്തിനു വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം.

2. ആരാധനാലയങ്ങളിൽ 100ൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. സാമൂഹിക അകലം ഉറപ്പാക്കണം. 10 വയസ്സിനു താഴെയോ 60 വയസ്സിനു മുകളിലോ ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.

3. വിവാഹച്ചടങ്ങുകൾ പല ദിവസങ്ങളിലായി നടത്തുന്നതു തടയും. വിവാഹത്തിൽ പങ്കെടുക്കാൻ 200 പേർക്കു മാത്രം അനുമതി. അടച്ചിട്ട മുറിയിലാണു ചടങ്ങെങ്കിൽ അനുമതി 100 പേർക്കു മാത്രം. ചടങ്ങുകളുടെ വിവരങ്ങൾ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

4. പൊതുവാഹനങ്ങളിൽ സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ യാത്രചെയ്യാൻ അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാൽ നിയമനടപടി. പ്രായമായവർ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

5. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും 30 ചതുരശ്ര അടി വിസ്തീർണത്തിന് ഒരാൾ എന്ന കണക്കിൽ പ്രവേശനം.

സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്, എഡിഎം എൻ. പ്രേമചന്ദ്രൻ, ഡപ്യൂട്ടി കലക്ടർ എൻ. റംല, റൂറൽ എഎസ്പി എം. പ്രദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. എം. പീയൂഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മോഹനൻ, ടി.വി. ബാലൻ, പി.എം. അബ്ദുറഹ്മാൻ, കെ. മൊയ്തീൻ കോയ, തളത്തിൽ ചക്രായുധൻ, ഹരിദാസ് പൊക്കിണാരി, കെ. ലോഹ്യ, ഷർമദ് ഖാൻ ഒളവണ്ണ, എൻ.സി. മോയിൻ കുട്ടി, പി.ആർ.‍ സുനിൽ സിങ് പങ്കെടുത്തു.

Related Articles

Leave a Reply

Back to top button