Mukkam

മൊയ്തീൻ കോയ ഹാജിക്ക് സ്മാരകമായി വിളക്കുശിൽപം

മുക്കം : മുക്കത്തിന്റെ വികസന ശിൽപിയും അനാഥ, അഗതി സംരക്ഷണ രംഗത്തെ അതികായനുമായിരുന്ന വയലിൽ വി.മൊയ്തീൻ കോയ ഹാജിയുടെ സ്മരണയ്ക്കായി വിളക്കുശിൽപം  സ്ഥാപിച്ചു. അനാഥ അഗതി സംരക്ഷണത്തിന് രണ്ട് തവണ ദേശീയ അവാർഡ് നേടിയ മുക്കം അനാഥശാലയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് ചെയർമാനുമായിരുന്നു മൊയ്തീൻ കോയ ഹാജി. 

മാനവം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തി‍ൽ പ്രശസ്ത ശിൽപി സുബ്രൻ ഓടമണ്ണിലാണ് വിളക്കുശിൽപം നിർമിച്ചതെന്ന് മാനവം ചെയർമാൻ അഗസ്റ്റ്യൻ കിഴക്കരക്കാട്ട് പറഞ്ഞു. അനാഥശാലയ്ക്ക് കീഴിൽ മണാശ്ശേരി എംഎഎംഒ കോളജ് ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുക്കത്ത് കൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ഹാജി. 

തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് റോഡിന് സ്വന്തം സ്ഥലം വിട്ടുനൽകി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനും വർഷങ്ങൾക്ക് മുൻപ് സ്ഥലം വിട്ടു നൽകി.

വിളക്കു ശിൽപം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കം അരീക്കോട് റോഡിൽ പാലത്തിന് സമീപമാണ് സ്ഥാപിച്ചത്. ശിൽപത്തിന്റെ അനാവരണ കർമം ഇന്ന് 10.30ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബുവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിതയും ചേർന്ന് നി‍ർവഹിക്കും. വയലിൽ മൊയ്തീൻ കോയ ഹാജി സ്മാരക ട്രസ്റ്റ് ചെയർമാൻ വി.ജലീൽ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടും  കൂടിയാണ് വിളക്കു ശിൽപം പൂർത്തീകരിച്ചത്.

Related Articles

Leave a Reply

Back to top button