യാത്രക്കാർക്ക് അപകടക്കെണിയായി ട്രാൻസ്‌ഫോർമർ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കോഴിക്കോട്: ഈസ്റ്റ്ഹിൽ-ഗണപതികാവ് റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായ ട്രാൻസ്ഫോർമർ മാറ്റാത്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും വൈദ്യുതി ബോർഡ് എക്സിക്യുട്ടീവ് എൻജിനിയറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
ഓവുചാൽ പണിയാൻ താഴ്ത്തിയ റോഡിൽ തെന്നിവീണാണ് അപകടങ്ങൾ ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആറുപേർ അപകടത്തിൽപ്പെട്ടു. ട്രാൻസ്ഫോർമർ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ട്രാൻസ്ഫോർമർ മാറ്റാതിരിക്കാൻ വേണ്ടിയാണ് ഓവുചാൽ റോഡിന് നടുവിലൂടെ നിർമിക്കുന്നത്.
ഇത് നാട്ടുകാർ തടഞ്ഞപ്പോൾ ട്രാൻസ്ഫോർമർ സ്കൂൾ കോമ്പൗണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.






