India

ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തി

മസക്കത്ത്: ഇന്ത്യ, പാക്‌സ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് നിരോധനം നിലവില്‍ വരിക. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇനിയൊരു അറിയിപ്പ് വരെ നിരോധനം തുടരും. അതേ സമയം, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്മാര്‍, നയതന്ത്രപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും തുടങ്ങിയവര്‍ക്ക് ഇളവുണ്ട്.

കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ തീരുമാനം. അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ഒമാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാളുകളിലും മറ്റ് വാണിജ്യ കേന്ദ്രങ്ങളിലും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നിരോധിക്കാനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. വാണിജ്യ സമുഛയങ്ങള്‍, റസ്റ്റൊറന്റുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങിയവയില്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് അനുമതി.

എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പഠനം ഓണ്‍ലൈനില്‍ തുടരണം. 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇളവുണ്ട്. മെഡിക്കല്‍, ഹെല്‍ത്ത് സയന്‍സ്, വൊക്കേഷനല്‍ ട്രെയ്‌നിങ് തുടങ്ങി പ്രാക്ടിക്കല്‍ ക്ലാസുകളില്‍ നേരിട്ട് ഹാജരാവേണ്ട വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button