Thiruvambady

തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡിൻ്റെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികളേയും വ്യാപാര സംഘടനാ പ്രതിനിധികളേയുമാണ് ക്ഷണിച്ചിരുന്നത്. യോഗത്തിൽ സി പി എം പ്രതിനിധികളായി 2 പേരിൽ കൂടുതൽ പങ്കെടുത്തതിനെ കോൺഗ്രസ് പ്രതിനിധി ബോസ് ജേക്കബ് ചോദ്യം ചെയ്തത് സി പി എം പ്രതിനിധികളെ ചൊടിപ്പിക്കുകയും അവർ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. മറിച്ചുള്ള വാർത്തകൾ തെറ്റിധാരണ പരത്തുന്നതും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

പൊതുസ്ഥലത്തും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കാനും പുനസംഘടിപ്പിച്ച വാർഡ് തല ആർ ആർ ടികൾക്ക് ഓരോ വാർഡിലും ഓൺലൈൻ പരിശീലനം നടത്താനും തീരുമാനമായി.

പഞ്ചായത്ത് തലത്തിൽ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളിൽ നിന്നും 30 അംഗ ആർ ആർ ടി വളണ്ടിയർമാരെ നിയമിക്കാനും അവരുടെ നിയമനത്തിനായി ബന്ധപ്പെട്ട കക്ഷികളിൽ നിന്നും വളണ്ടിയർ ലിസ്റ്റ് ക്ഷണിക്കുവാനും യോഗം തീരുമാനിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കൂടുതൽ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ ടെസ്റ്റിന് വിധേയമാക്കാനും ഏപ്രിൽ 23 (വെള്ളിയാഴ്ച്ച) ഗ്രാമപഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും, ഓട്ടോ-ടാക്സി-ഗുഡ്സ് തൊഴിലാളികൾക്കുമായി മേഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്താനും തീരുമാനിച്ചു.

കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാകുന്ന പക്ഷം ഉപയോഗിക്കുന്നതിനായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കിയതായും അവിടേക്ക് ആവശ്യമായ മെഡിക്കൽ ജീവനക്കാരെ നിയമിച്ചു കഴിഞ്ഞതായും കോഴിക്കോട് ജില്ലയിൽ തന്നെ ആദ്യമായി സെന്റർ തയ്യാറാക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞതായും യോഗം വിലയിരുത്തി.

പഞ്ചായത്തിൽ ഇതുവരെ 3592 പേർ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചതായും 708 പേർ
രണ്ടാം ഡോസ് സ്വീകരിച്ചതായും എച്ച് ഐ റിപ്പോർട്ട് ചെയ്തു. 174 പേർ ഇതുവരെ കോവിഡ് പോസറ്റീവായി ചികിൽസയിലുണ്ട്.162 പേർ വീട്ടിലും 12 പേർ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണുള്ളത്.

വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ ഇനി സാധ്യമല്ലെന്നും അതിനാൽ എല്ലാ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു. തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.

വാക്സിൻ, ടെസ്റ്റ് കിറ്റ് എന്നിവയുടെ ലഭ്യത കുറവ് കോവിഡ് പ്രതിരോധ പ്രവർത്തനം താളംതെറ്റുന്നതിന് കാരണമാകുന്നതായും യോഗം വിലയിരുത്തി. വാക്സിനും, ടെസ്റ്റ് കിറ്റുകളും കൂടുതൽ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button