മരണ സംഖ്യ കൂടുന്നു; ഈ മാസം കോവിഡ് ബാധിച്ച് മരിച്ചത് 78 പേർ

കോഴിക്കോട്: രണ്ടാംതരംഗത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഏപ്രിൽ ഒന്നുമുതൽ 26 വരെ 78 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് കേസുകൾ ആയിരം കടന്ന അവസാന രണ്ടാഴ്ചകൊണ്ട് 52 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചമാത്രം കോവിഡ് പത്തുപേരുടെ ജീവനെടുത്തു. 586 ആണ് ജില്ലയിലെ ഇതുവരെയുള്ള മരണസംഖ്യ. അതിൽ പകുതി ഈ നാലുമാസത്തിനിടെ റിപ്പോർട്ട് ചെയ്താണ്.
2020 ഡിസംബർ 31 വരെ 293 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിനു ശേഷം മരണസംഖ്യ വൻതോതിൽ കൂടി. പക്ഷേ, മരണ നിരക്കിൽ സംസ്ഥാന ശരാശരിയിലും മറ്റ് പലജില്ലകളെക്കാളും കുറവാണ് കോഴിക്കോട്ട്. 0.36 ശതമാനമാണ് സംസ്ഥാന ശരാശരി. കോഴിക്കോട്ട് അത് 0.35 ശമാനമേയുള്ളൂ. തിരുവനന്തപുരം ജില്ലയിൽ 0.72 വരെയായി മരണനിരക്ക് ഉയർന്നിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് മരണവും കൂടുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ആരോഗ്യമുള്ള യുവാക്കളിൽവരെ കോവിഡ് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിൽ ഈ മാസം മരിച്ചവരിൽ അധികവും അമ്പത് വയസ്സിനു മുകളിലുള്ളവരാണ്







