തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ പാളിച്ചകളുടെ തുടർക്കഥ അവസാനിപ്പിക്കുക: ഡി വൈ എഫ് ഐ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നടപ്പിലാകുന്നതിലും പഞ്ചായത്ത് ഭരണസമതി വരുത്തുന്ന വീഴ്ച്ച തുടർക്കഥയാക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആർ ആർ ടി വളണ്ടിയർമാരെ ഒഴിവാക്കി തന്നിഷ്ടക്കാരെ നിയമിച്ചതു മുതൽ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ആരംഭിച്ചുവെന്നും കുംടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് വാക്സിൻ എത്തിക്കാതിരുന്നതും ഉള്ള വാക്സിൻ തന്നെ സ്വന്തക്കാർക്ക് മാത്രം നൽകുകയും ചെയ്യുകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ നടത്തേണ്ട കോവിഡ് ടെസ്റ്റുകൾ ഗണ്യമായി വെട്ടികുറച്ചുവെന്നും പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടയ്ൻമെൻ്റ് സോണാക്കി മാറ്റാതിരിക്കാൻ മനപൂർവ്വം ടെസ്റ്റ് കുറച്ചതാണ് എന്നുമാണ് ഇപ്പോൾ ഡി വൈ എഫ് ഐ ഉയർത്തുന്ന ആരോപണം. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ആബുലൻസ് സർവ്വീസ് പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണെന്നും ഇതിനായി താൽകാലികമായി ഒരാളെ നിയമിക്കാൻ പോലും പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്നും മറ്റ് പഞ്ചായത്തുകളിലെല്ലാം ഡൊമിസിൽ കെയർ സെൻ്ററുകൾ ആരംഭിച്ചപ്പോഴും തിരുവമ്പാടിയിൽ അതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്തത് ആശ്ചര്യകരമാണെന്നും പല വാർഡുകളിലും ആർ ആർ ടി പ്രവർത്തനം ഇപ്പോഴും സജീവമായിട്ടില്ലെന്നും ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയിൽ യു ഡി എഫിൽ തന്നെയുള്ള തമ്മിൽ തല്ല് മാറ്റി വച്ച് ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഭരണ സമതി തയ്യാറാവണമെന്നും രോഗ പകർച്ച അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോഴെങ്കിലും പഞ്ചായത്ത് ഭരണസമതി നിസംഗത കൈവെടിയണമെന്നും ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജിബിൻ പി ജെ, അജയ് ഫ്രാൻസി, അരുൺ ഉണ്ണി, വിഷ്ണു രാജ്, നിസാർ, അർഷാദ് തുടങ്ങിയവർ പങ്കെടുത്തു.






