Mukkam

വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു

കൊടിയത്തൂർ : വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറിയിലെ കട്ടിരിച്ചാലിൽ കെ.ടി. ജസീലയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കൃഷിയുടെ കുളത്തിലെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. ആറായിരത്തിലധികം മത്സ്യങ്ങളുള്ളതിൽ അയ്യായിരത്തോളം ചത്തു. ബാക്കി ചാകുന്നുമുണ്ട്.

കോവിഡ്കാല പ്രതിസന്ധികളെ മറികടക്കാൻ ഈ കുടുംബം കണ്ടെത്തിയ തൊഴിൽ സംരംഭമാണ് അപ്രതീക്ഷിതമായി നശിക്കുന്നത്. 3 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് നേരിട്ടത്.

വീടിനടുത്ത് 10 സെൻറ് വരുന്ന പാറക്കുളത്തിലെ മത്സ്യക്കൃഷി. വിളവെടുക്കാറായ സമയത്താണ് ചത്തുപോവുന്നത്. ചെറുതുമുതൽ രണ്ടും മൂന്നും കിലോവരെ വലുപ്പമെത്തിയ മീനുകൾ വരെയുണ്ട്. പിരാന, ഫിലോപ്പി, വാള, മാലാൻ തുടങ്ങിയ മത്സ്യങ്ങളാണ് കഴിഞ്ഞദിവസം കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കാരണം വ്യക്തമായിട്ടില്ല.

150 രൂപയോളം നിത്യം തീറ്റക്കുൾപ്പെടെ ചെലവാക്കി നാല് മാസത്തോളമായ മീനുകളാണ് ചത്തത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, വാർഡ് മെമ്പർമാരായ ശിഹാബുദ്ദീൻ മാട്ടുമുറി, ഫൈസൽ കൊടിയത്തൂർ എന്നിവർ സ്ഥലം സന്ദർശിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്കയച്ചു.

Related Articles

Leave a Reply

Back to top button