Kozhikode

വൈദ്യുതിസേവനം വാതിൽപ്പടിയിൽ : ഡയൽചെയ്യാം1912

കോഴിക്കോട് : വാതിൽപ്പടിസേവനമൊരുക്കി കെ.എസ്.ഇ.ബി.യും. പുതിയ വൈദ്യുതി കണക്‌ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്‌ മാറ്റൽ, കണക്ടഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതിലൈനും മീറ്ററും മാറ്റിസ്ഥാപിക്കൽ എന്നിങ്ങനെയാണ് വാതിൽപ്പടിയിലൂടെ ലഭിക്കുന്ന സേവനം.

കോഴിക്കോട് ഇലക്‌ട്രിക്കൽ സർക്കിളിനുകീഴിലെ 39 കെ.എസ്.ഇ.ബി. സെക്‌ഷനുകളിൽ ഈസേവനം ലഭിക്കും. ഫെബ്രുവരി മാസത്തിൽ കോഴിക്കോട് സർക്കിളിനുകീഴിലെ ആറു സെക്‌ഷനുകളടക്കം സംസ്ഥാനത്തെ 150 സെക്‌ഷനുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതിയാരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെ കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ സെക്‌ഷനുകളിലേക്കും വ്യാപിപ്പിക്കുകയാണ്.

‘1912’ എന്ന കസ്റ്റമർ കെയർ നമ്പറിലാണ്‌ വിളിക്കേണ്ടത്. കോൾ കണക്ടാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർ കെയർ എക്സിക്യുട്ടീവുമായി സംസാരിച്ച് രജിസ്റ്റർചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കംപ്യൂട്ടർ സംവിധാനംവഴി അതത് സെക്‌ഷൻ ഓഫീസിലേക്ക് കൈമാറും. സെക്‌ഷൻ ഓഫീസിൽനിന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കും. വേണ്ട നിർദേശങ്ങൾ നൽകും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലംസന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും. ‘1912’-ന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും കെ.എസ്.ഇ.ബി. എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലൂടെയും മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴിയും വീട്ടിലിരുന്ന് വൈദ്യുതിബിൽ അടയ്ക്കാം.

Related Articles

Leave a Reply

Back to top button