പരാതിയുമായി ഡി.വൈ.എഫ്.ഐ; കുളമായ ദേശീയപാത ലിൻ്റോ ജോസഫ് സന്ദർശിച്ചു

താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ലെ അശാസ്ത്രീയ പ്രവൃത്തി മൂലം കുളമാവുകയും തകരുകയും ചെയ്ത പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗം നിയുക്ത എം.എൽ.എ ലിൻ്റോ ജോസഫ് സന്ദർശിച്ചു.
റോഡ് കുളമായതു മൂലം നിരന്തരം അപകടങ്ങൾ നടക്കുന്നതും, മണ്ണെടുത്തത് മൂലം സമീപത്തെ വീടുകൾ ഭീഷണി നേരിടുന്നതും ഡി.വൈ.എഫ്.ഐ. ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് സമീപവാസികളും നിരവധി പരാതികൾ നൽകിയിരുന്നു. നാഥ് കൺസ്ട്രക്ഷൻ എന്ന കരാർ കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലമാണ് റോഡ് ഈ രൂപത്തിൽ തകർന്നെതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊതുമരാമത്ത് ദേശീയ പാത വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജമാലിന് നിർദ്ദേശം നൽകി.
സി. പി ഐ (എം) ലോക്കൽ സിക്രട്ടറി എം.ഇ.ജലീൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സിക്രട്ടറി മെഹ്റുഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.





