Sports

ചെന്നൈയിന്റെ പെനാൽറ്റി തട്ടിയകറ്റി ആൽബീനോ ഗോമസ്; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില

ചെന്നൈയിൻ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഗോൾരഹിത സമനിലയിൽ. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾകീപ്പർമാരുടെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനം കളി ഗോൾരഹിത സമനിലയാക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമടക്കം 2 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമത് എത്തി. ചെന്നൈയിൻ എഫ്സി ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.

ചെന്നൈയിൻ എഫ്സിയുടെ നിലക്കാത്ത ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച ചെന്നൈയിൻ പലതവണ ഗോളിനരികെ എത്തി. പലപ്പോഴും അൽബീനോ ഗോമസിൻ്റെ ചോരാത്ത കൈകളാണ് ബ്ലാസ്റ്റേഴ്സിനെ സംരക്ഷിച്ചു നിർത്തിയത്. രണ്ട് തവണ അൽബീനോയ്ക്ക് ലഭിച്ച പിഴവ് മുതലെടുക്കാൻ ചെന്നൈയിന് കഴിഞ്ഞതുമില്ല. പരിഭ്രമത്തിൻ്റെ ആദ്യ 25 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാൻ തുടങ്ങി. വലതു വിങ്ങിലൂടെ മെനഞ്ഞെടുത്ത ആക്രമണങ്ങൾ ചെന്നൈയിൻ ബോക്സിൽ പരിഭ്രാന്ത്രി സൃഷ്ടിച്ചു. ചില ഷോട്ടുകൾ വിശാൽ കീത്തിനെ പരീക്ഷിച്ചു എങ്കിലും ചെന്നൈയിൻ ഗോൾകീപ്പറുടെ ഉറച്ച കൈകൾ ഗോൾ തടഞ്ഞു.

രണ്ടാം പകുതിയിലും ഇരു ടീമുകളും ചില മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, ഫൈനൽ തേർഡിലെ മോശം പ്രകടനങ്ങളും ഇരു ടീമുകളുടെയും പ്രതിരോധ നിരയുടെ ഗംഭീര പ്രകടനവും കളി സമനിലയാക്കുകയായിരുന്നു. 76ആം മിനിട്ടിൽ ചെന്നൈയിനു ലഭിച്ച പെനാൽറ്റി തട്ടിയകറ്റിയ ആൽബീനോ ഗോമസ് ബ്ലാസ്റ്റേഴ്സിൻ്റെ സമനിലയിൽ നിർണായക പങ്കുവഹിച്ചു. ആ ഒരു അവസരം മാറ്റിനിർത്തിയാൽ മറ്റ് ഓപ്പൺ ചാൻസുകൾ രണ്ടാം പകുതിയിൽ പിറന്നില്ല. അർധാവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമിനും കഴിഞ്ഞതുമില്ല.

Related Articles

Leave a Reply

Back to top button