കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് സഹായഹസ്തം

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് കോവിഡ് അതിജീവനത്തിനും പ്രതിരോധത്തിനുമായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മുക്കം നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ ആർആർടി ടീമിനായി പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
നഗരസഭാ കൗൺസിലർമാരായ ജോഷില പി, അശ്വതി എന്നിവരുടെ സാന്നിധ്യത്തിൽ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളിയിൽ നിന്നും ആർആർടി ടീമിനായി സാമഗ്രികൾ ഏറ്റുവാങ്ങി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, വൈസ് പ്രസിഡന്റ് ലത്തീഫ് എ കെ മാധ്യമപ്രവർത്തകനായ ജി എൻ ആസാദ്, ആർ ആർ ടി അംഗങ്ങളായ അബ്ദുൾ നാസർ യുപി, ദിപിൻ പി, റൈനീഷ് നീലാംബരി, ആബിദ്, മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പൊതുജനങ്ങളുമായി ഏറ്റവുമടുത്ത് ഇടപഴകുന്നവർ എന്ന നിലയിൽ വ്യാപാരി സമൂഹത്തിന് പൊതുജനങ്ങൾക്കായി നല്കുവാൻ സാധിക്കുന്ന സഹായങ്ങൾ നല്കുവാൻ എന്നും സന്തോഷം മാത്രമേയുള്ളൂ എന്ന് യൂണിറ്റ് പ്രസിഡണ്ട് പ്രസ്താവിച്ചു. ഈ കോവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം വിഷമതകളും തകർച്ചയും നേരിടുന്നവരാണ് വ്യാപാരികൾ. സ്വന്തം നിലനിൽപ് തന്നെ അപകടാവസ്ഥയിലായ നിലയിലാണ് വ്യാപാരി സമൂഹം. അതിനാൽത്തന്നെ ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന യൂണിറ്റ് അംഗങ്ങൾക്കായി ഭക്ഷ്യ കിറ്റുകളടക്കം അഗസ്ത്യൻമുഴി യൂണിറ്റിന്റെ വകയായി വിതരണം ചെയ്തിരുന്നു.
ഇങ്ങനെ കടുത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോഴും പൊതുസമൂഹത്തോടുള്ള കടമകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ്, ഡിവിഷൻ കൗൺസിലറുടെ അഭ്യർഥന സന്തോഷപൂർവ്വം സ്വീകരിച്ച് ആർആർടി ടീമിനാവശ്യമായ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നത് എന്ന് ശ്രീ ജോസഫ് പൈമ്പിള്ളിൽ വ്യക്തമാക്കി.







