Mukkam

വീടുകളിൽനിന്ന് മാലിന്യം ശേഖരണം: മുക്കം നഗരസഭയ്ക്ക് നഷ്ടമെന്ന് ആക്ഷേപം

മുക്കം: നഗരസഭാപരിധിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്നതിൽ മുക്കം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആക്ഷേപം. ക്ലീൻ കേരള ഏജൻസിയുടെ സഹകരണത്തോടെയാണ് നഗരസഭയിലെ മാലിന്യം കൊണ്ടുപോകുന്നത്.

ഒരുകിലോഗ്രാം മാലിന്യം പതിനൊന്നരരൂപ നിരക്കിലാണ് ഏജൻസി ഏറ്റെടുക്കുന്നത്. ഇതിലും ചെറിയ തുകയ്ക്ക് മാലിന്യം ഏറ്റെടുക്കാൻ സ്വകാര്യ ഏജൻസികൾ തയ്യാറായിട്ടും അവരെ പരിഗണിക്കാതെയാണ് ക്ലീൻ കേരളയെ തിരഞ്ഞെടുത്തത്. ക്ലീൻ കേരള മുഖാന്തരം മാലിന്യം കയറ്റിയയച്ചാൽ മതിയെന്ന സർക്കാർനിർദേശമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

ടെൻഡർ വിളിച്ച്, കുറഞ്ഞ തുകയ്ക്ക് മാലിന്യം ഏറ്റെടുക്കാൻ സന്നദ്ധരായ ഏജൻസിക്ക് മാലിന്യം ശേഖരിക്കാൻ അനുമതി നൽകാമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. വെള്ളപ്പൊക്കസാധ്യതയുള്ള 14 ഡിവിഷനുകളിൽനിന്നാണ് നിലവിൽ മാലിന്യം ശേഖരിക്കുന്നത്. മൂന്നു ലോഡിലധികം മാലിന്യം ഇതിനോടകം കൊണ്ടുപോയി. റോഡരികിലും നഗരസഭാ കാര്യാലയത്തിന് സമീപത്തും ശേഖരിച്ച മാലിന്യം മഴകൊണ്ട് നനയുന്നതോടെ തൂക്കം ഇരട്ടിയാകും.

നൽകുന്ന തുകയുടെ പകുതിയോളം രൂപ ഏജൻസിയുടെ പകൽക്കൊള്ളയാണെന്ന് പ്രതിപക്ഷകൗൺസിലർമാർ പറയുന്നു. മാലിന്യം സംഭരിച്ച് ദിവസങ്ങൾക്കുശേഷമാണ് ഇത് ലോറിയിൽ കയറ്റുന്നത്.

ലോഡ് കയറ്റിയതിനുശേഷമാണ് ഭാരം തൂക്കുന്നത്. മാലിന്യം നനഞ്ഞ് ഭാരം കൂടാനാണ് ലോഡ് എടുക്കുന്നതിൽ കാലതാമസം വരുത്തുന്നതെന്നും ആക്ഷേപമുണ്ട്.

ശേഖരിച്ച മാലിന്യം തരംതിരിക്കാതെ നേരിട്ട് കയറ്റിയയക്കുന്നതിലും പരാതിയുണ്ട്. ശേഖരിക്കുന്ന മാലിന്യത്തിൽ വിപണനസാധ്യതയുള്ള വസ്തുക്കൾ ഏറെയുണ്ട്. ശേഖരിച്ച മാലിന്യം സംഭരണശാലയിൽ എത്തിച്ച് ഹരിതകർമസേനയുടെ നേതൃത്വത്തിൽ വേർതിരിച്ച് ഉപയോഗശൂന്യമായവമാത്രം കയറ്റിയയക്കുകയാണ് പതിവ്. പുസ്തകങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, കാർഡ്‌ബോഡുകൾ തുടങ്ങിയവ ഹരിതകർമസേന ആക്രിക്കടയിൽ എത്തിച്ച് വിൽക്കും. ഇവർക്കുകിട്ടുന്ന ‘സമാശ്വാസ’മായിരുന്നു ഈ തുക. വേർതിരിക്കാതെ കൊണ്ടുപോകുന്ന മാലിന്യം ഏജൻസി അവരുടെ സംഭരണശാലയിൽ എത്തിച്ച് വേർതിരിച്ചശേഷമാണ് അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത്

Related Articles

Leave a Reply

Back to top button