India

ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും; സിബിഎസ്ഇ സുപ്രിംകോടതിയിൽ

ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിർണയ പദ്ധതിയിൽ ഭേദഗതി കൊണ്ടുവന്നതും സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ കേരളം നാളെ തന്നെ നിലപാട് അറിയിക്കണമെന്ന് കോടതി കർശന നിർദേശം നൽകി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സിബിഎസ്ഇ സുപ്രിംകോടതിയിൽ അറിയിച്ച കാര്യങ്ങൾ ഇങ്ങനെ: ‘ജൂലൈ 31ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും. പരീക്ഷാഫലത്തിൽ തൃപ്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് മെയിൻ സബ്ജക്ടുകളിൽ മാത്രമായി എഴുത്തു പരീക്ഷ നടത്തും. ഇതിനായി ഓൺലൈൻ റജിസ്‌ട്രേഷൻ ഏർപ്പെടുത്തും’. പരീക്ഷ ഫലം അന്തിമമായിരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സിബിഎസ്ഇയുടെ സമിതിക്ക് വിടുമെന്നും അറിയിച്ചു.

അതേസമയം, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെയും, മൂല്യനിർണയരീതിയെയും ചോദ്യം ചെയ്തുള്ള ഹർജികൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റി. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അവസാനമുണ്ടാകണമെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതത്വമല്ല, പ്രതീക്ഷയുടെ കിരണമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണം. കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം നിരസിച്ചുക്കൊണ്ടാണ് നിർദേശം.

നിലപാട് അറിയിച്ചില്ലെങ്കിൽ തങ്ങൾ തന്നെ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേരളത്തിന്റെ അഭിഭാഷകന് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button